ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ (47) ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ തുടർന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയ ധമനികളിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തി.
ഓമന്തുരാർ സർക്കാർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്ററിലാണ് മന്ത്രി ചികിത്സയിൽ കഴിയുന്നത്. ബ്ലോക്കുകൾ കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അറസ്റ്റിനെതിരെ ഡിഎംകെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണു മന്ത്രിയുടെ ആരോഗ്യനില ഗുരുതരമാണെന്ന അറിയിപ്പ്.
അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ രംഗത്തെത്തി. അവർ ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്തു.
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിലാണ് തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നാടകീയ സംഭവങ്ങളാണ് ആശുപത്രിയിൽ ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അനുയായികളുടെ പ്രതിഷേധങ്ങൾക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിക്കു പുറത്ത് ഉൾപ്പെടെ കേന്ദ്രസേനയുടെ കാവലും ഏർപ്പെടുത്തി.
അതേസമയം, ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മന്ത്രിയെ മർദ്ദിച്ചെന്ന ആരോപണവുമായി ഡിഎംകെ രംഗത്തുണ്ട്. മന്ത്രിയുടെ ചെവിക്കു സമീപം നീരുണ്ടെന്നും ഇത് മർദ്ദനത്തിൽ സംഭവിച്ചതാണെന്നുമാണ് ഡിഎംകെയുടെ വാദം. മാത്രമല്ല, അദ്ദേഹം അബോധാവസ്ഥയിലാണെന്നും അവർ പറയുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രിമാരായ ശേഖർ ബാബു, ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ഇ.വി.വേലു തുടങ്ങിയവർ ആശുപത്രിയിലെത്തി സെന്തിൽ ബാലാജിയെ സന്ദർശിച്ചു.
നിലവിൽ ഐസിയുവിലുള്ള സെന്തിൽ ബാലാജി അബോധാവസ്ഥയിലാണ്. ഞങ്ങൾ േപരു വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഡോക്ടർമാർ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്. സെന്തിൽ ബാലാജിയുടെ ചെവിക്കു സമീപം നീരുണ്ട്. ഇസിജിയിലും വ്യതിയാനമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അദ്ദേഹം ചോദ്യം ചെയ്യലിനിടെ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങൾ സ്പഷ്ടമാണ്’ – മന്ത്രി ശേഖർ ബാബു പറഞ്ഞു.
നേരത്തെ, മന്ത്രിയുടെ അറസ്റ്റിനു മുന്നോടിയായി സെക്രട്ടേറിയറ്റിനുള്ളിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പരിശോധന നടത്തിയിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളിലും പരിശോധന ഉണ്ടായിരുന്നു. 2013 ൽ അണ്ണാഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ ഉൾപ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു.
3 ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിൽ പരിശോധനയ്ക്ക് എത്തിയത്. കേന്ദ്രസേനാംഗങ്ങളെ സെക്രട്ടേറിയറ്റിൽ കയറാൻ തമിഴ്നാട് പൊലീസ് അനുവദിച്ചില്ല. അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥർ മന്ത്രിയുടെ ചേംബർ ഉള്ളിൽ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്. ഓഫിസ് ജീവനക്കാരെയും ചോദ്യം ചെയ്തു.