CricketNationalNewsSports

ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ പ്രശ്നം സീനിയര്‍ താരങ്ങൾ, തുറന്നു പറഞ്ഞ് മുന്‍ സെലക്ടറും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ദയനീയ തോല്‍വിയില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ സെലക്ടറും ഇന്ത്യന്‍ താരവുമായിരുന്ന ശരണ്‍ദീപ് സിംഗാണ് ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ പ്രശ്നം സീനിയര്‍ താരങ്ങളാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ഓവലില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടുത്തതില്‍ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ശരണ്‍ദീപ് സിംഗ് പറഞ്ഞു. അശ്വിനെപ്പോലൊരു ബൗളറെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്ന രോഹിത് ശര്‍മയുടെ മണ്ടന്‍ തീരുമാനമായിപ്പോയി. ടീം മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ കളിക്കാരെ പ്രചോദിപ്പിക്കാന്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ രോഹിത് ശര്‍മക്ക് അതിന് കഴിഞ്ഞില്ല.

അതുപോലെയാണ് ടീം സെലക്ഷനില്‍ പറ്റിയ പാളിച്ച. അഞ്ച് ഇടം കൈയന്‍ ബാറ്റര്‍മാരുള്ള ഓസീസ് ടീമിനെതിരെ അശ്വിനെ കളിപ്പിക്കാതിരുന്നത് രോഹിത്തിന്‍റെ ഭീമാബദ്ധമായിപ്പോയി. ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ പ്രശ്നം സീനിയര്‍ താരങ്ങളാണെന്നും ശരണ്‍ദീപ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോകകപ്പ്, ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂര്‍ണമെന്‍റുകളില്‍ സീനിയര്‍ താരങ്ങള്‍ ഒരുമിച്ച് ക്ലിക്കാവുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലെങ്കിലും മികച്ച ബാറ്റിംഗ് വിക്കറ്റൊരുക്കിയാല്‍ നമ്മുടെ ബാറ്റര്‍മാര്‍ക്ക് ദീര്‍ഘമായ ഇന്നിംഗ്സുകള്‍ കളിക്കാനാവും. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ടെസ്റ്റില്‍ വലിയ ഇന്നിംഗ്സ് കളിച്ചിട്ട് കാലം കുറെയായി. ലോകകപ്പ് ജയിക്കുന്നതിനെക്കാള്‍ പാടാണ് ഐപിഎല്‍ കിരീടം നേടാനെന്ന മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോട് ശരണ്‍ദീപ് സിംഗ് വിയോജിച്ചു.

ഐപിഎല്ലില്‍ കളി ജയിക്കാന്‍ മികച്ച വിദേശ താരങ്ങളുടെ സഹായം ക്യാപ്റ്റന് കിട്ടാറുണ്ട്. പക്ഷെ ഐസിസി ഫൈനലുകളില്‍ അതില്ലെന്ന് മാത്രമല്ല ഒറ്റ അവസരമെ ലഭിക്കൂ. ഉമ്രാന്‍ മാലിക്കിനെപ്പോലെ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നൊരു ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അര്‍ഷ്ദീപ് സിംഗിനെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെടുക്കാമായിരുന്നുവെന്നും ശരണ്‍ദീപ് സിംഗ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button