തിരുവനന്തപുരം:സംസ്ഥാനത്തെ ഗതാഗത രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന അര്‍ദ്ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി.പദ്ധത യാഥാര്‍ത്ഥ്യമാവുന്നതോടെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് കേവലം നാല് മണിക്കൂര്‍ കൊണ്ട് എത്താം. അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. 540 കിലോ മീറ്റര്‍ പാതയുടെ നിര്‍മ്മാണത്തിനാണ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര റെയില്‍ വേ മന്ത്രാലയം പുറത്തിറക്കി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാപഠന റിപ്പോര്‍ട്ടും അലൈന്‍മെന്റും നേരത്തെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെആര്‍ഡിസിഎല്‍) മേല്‍നോട്ടത്തില്‍ സിസ്ട്രയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിവേഗ ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്ക് പുറമെ 540 കിലോമീറ്ററില്‍ മൂന്നും നാലും പാത എന്നതാണ് പദ്ധതി. ഈ പാതയില്‍ മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കിലോ മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാം.
തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനകം എറണാകുളത്തും നാലുമണിക്കൂറിനകം കാസര്‍കോട്ടും എത്താനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 66079 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്തസംരംഭമാണ് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍.
പദ്ധതിയുടെ അവസാന അനുമതി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നതെന്ന് കെആര്‍ഡിസിഎല്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ അറിയിച്ചു.