തൃശൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരണത്തിന് കാരണമായ കാർബൺ മോണോക്സൈഡ് ആസിഫ് (Asif) സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തൽ. മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലർത്തിയ നിലയിൽ കണ്ടെത്തി.
ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയാണുള്ളത്. ഇതിൽ നിന്നുമുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്. വാതിൽ തുറക്കുന്നവർ കാർബൺ മോണോക്സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. കൂട്ട ആത്മഹത്യയിൽ ശാസ്ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്നും റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ അറിയിച്ചു.
ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂ ഉഴുവത്ത് കടവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ആസിഫും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങിയ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലാണ് ആസിഫും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവർ താഴേക്ക് ഇറങ്ങി വന്നില്ല.
ഇതോടെ താഴെയുണ്ടായിരുന്ന ആസിഫിന്‍റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് അകത്ത് കയറുകയിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിട്ടുണ്ട്.
മുറിയിൽ കാർബൺ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ജനാലകൾ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാര്‍ബണ്‍ മോണോക്സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. 40 വയസുള്ള ആസിഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയിൽ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നാണ് ആസിഫിന്‍റെ ആത്മഹത്യാ കുറിപ്പിലുള്ളത്. വലിയ തുക കടമുള്ളതായും കുറിപ്പിൽ പറയുന്നു. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ആസിഫ് വീട് പണിതത്. അടുത്തിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ആസിഫെന്നാണ് വീട്ടുകാർ പറയുന്നത്.