ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്നതിനിടെ സ്വയം തീകൊളുത്തിയ സന്യാസി മരിച്ചു. വിജയ് ദാസ് എന്ന സന്യാസിയാണ് അനധികൃത കല്ലെടുപ്പിനെതിരായുള്ള പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയത്. ശനിയാഴ്ച പുലർച്ചെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം യുപിയിലെ ബർസാനയിലേക്ക് കൊണ്ടുപോകും.
എൺപത് ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഖനനത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വിജയ് ദാസ് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. ഉടൻ പൊലീസ് ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു.
ഭര്തപൂരിലെ അനധികൃത ഖനനത്തിനെതിരെ സന്ന്യാസിമാർ സമരത്തിലാണ്. നാരായൺ ദാസ് എന്ന സന്യാസി കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അനധികൃത ഖനനം തടയാൻ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് വിജയ് ദാസ് സ്വയം തീ കൊളുത്തിയത്. വിജയ് ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ടവറിന് മുകളിൽ കയറിയിരുന്ന സന്യാസി താഴേക്ക് ഇറങ്ങി. ഇദ്ദേഹം ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചൽ, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനത്തിനെതിരെയാണ് ശ്രീകൃഷ്ണ വിശ്വാസികളായ സന്യാസിമാരുടെയും പ്രദേശവാസികളുടെയും സമരം. പ്രദേശത്തിന് പൗരാണിക പ്രാധാന്യം ഉണ്ടെന്നും ഈ സാഹചര്യത്തിൽ ഖനനം അനുവദിക്കാനാകില്ലെന്നുമാണ് അവരുടെ നിലപാട്.
അദ്ദേഹം ഖനനം നിയമപരമാണെന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഖനനം നിർത്തിവയ്ക്കുന്നത് ആലോചിക്കാമെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വസുന്ധര രാജെ ആവശ്യപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ഭരത്പൂർ സന്ദർശിച്ച് വസ്തുതകൾ അറിയാൻ നാലംഗ സമിതിയെ നിയോഗിച്ചു.