ധാക്ക: ബംഗ്ലാദേശിൽ ഇടക്കാലസർക്കാരിനെ നയിക്കാനൊരുങ്ങുന്ന നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് ധാക്കയിലെത്തി. പാരീസിൽനിന്നും ദുബായ് വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനത്തെത്തിയത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം അധികാരത്തിലേറാനുള്ള നടപടി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മഹത്തായ ദിവസമാണ് ഇന്നത്തേതെന്ന് വിമാനത്താവളത്തിൽ വെച്ച് യൂനുസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കണമെന്ന് യൂനുസ് നേരത്തെ പറഞ്ഞിരുന്നു. കാവൽസർക്കാർ ഏതാനുംമാസത്തിനകം ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു കളമൊരുക്കുന്നതിനായി ബംഗ്ലാദേശ് പാർലമെന്റ് ചൊവ്വാഴ്ച പ്രസിഡന്റ് പിരിച്ചുവിട്ടിരുന്നു.
തൊഴിൽനിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഈവർഷമാദ്യമാണ് യൂനുസിനും മൂന്നുപേർക്കും ആറുമാസത്തെ തടവുശിക്ഷ കോടതി വിധിച്ചത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. തുടർന്നാണ് യൂറോപ്പിലേക്ക് പോയത്. ഹസീനസർക്കാർ നിരന്തരം വേട്ടയാടിയ യൂനുസിന്റെപേരിൽ 100-ലധികം ക്രിമിനൽക്കേസുകളുണ്ടായിട്ടുണ്ട്. എങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷവിധിച്ചതും ഈ കേസിൽ മാത്രമാണ്.