33.4 C
Kottayam
Sunday, May 5, 2024

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ്; സെപ്റ്റംബർ മുതൽ നിർബന്ധം

Must read

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കേന്ദ്ര നിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. എന്നാൽ, സംസ്ഥാനം ഇളവ് നൽകി വരികയായിരുന്നു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ് സെപ്റ്റംബർ വരെ സമയം നൽകിയത്. ലോറികളിൽ മുൻപിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം.

ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ സീറ്റ് ബൈൽറ്റ് ധരിക്കണം. കെഎസ്ആർടിസി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെൽറ്റ് ഘടിപ്പിക്കേണ്ടിവരും.

റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച റോഡ് ക്യാമറകളുടെ പ്രവർത്തനം യോഗം വിലയിരുത്തി. കൂടുതൽ ചലാനുകൾ അയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദേശം നല്‍കി. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പരിശോധിക്കാൻ കൂടുതൽ സ്റ്റാഫുകളെ നിയോഗിക്കും. എൻഐസിയുടെ സർവറിലേക്ക് ദൃശ്യങ്ങൾ അയയ്ക്കാൻ കൂടുതൽ യൂസർ ഐഡിയും പാസ്‌വേഡും നൽകാനും ആവശ്യപ്പെടും.

ക്യാമറകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. എൻഐസിയുടെ സാങ്കേതിക തകരാർ കാരണം ദിവസങ്ങളോളം ചലാനും എസ്എംഎസും അയയ്ക്കാൻ കഴിഞ്ഞിരുന്നില്ല. സാങ്കേതിക തകരാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എൻഐസിയോട് ആവശ്യപ്പെടും. വാഹനം ഇടിച്ച് തകരാറിലായ ക്യാമറകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനമായില്ല.

വിഐപി വാഹനങ്ങളെ പിഴയിൽനിന്ന് ഒഴിവാക്കരുതെന്ന് ആന്റണി രാജു നിർദേശം നൽകി. ഇതുവരെ 56 വിഐപി വാഹനങ്ങളെ നിയമലംഘനത്തിന് പിടികൂടി. മന്ത്രിമാരുടെ വാഹനങ്ങൾ ഇക്കൂട്ടത്തിൽ ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week