പാലക്കാട്: ആര്‍.എസ്.എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പരിശോധന വ്യാപിപ്പിച്ച് പോലീസ്. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് റെയ്ഡില്‍ പത്ത് പേരെ കരുതല്‍ തടങ്കലിലാക്കി. കസബ, സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. ആറ് പേര്‍ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള 10 മുറിവുകളാണുള്ളതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളുണ്ട്. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍.
എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് പാലക്കാട് ജില്ലയില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ ജില്ലകളിലും പോലീസിന് ജാഗ്രതാ നിര്‍ദേശമുണ്ട്. ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ നിരീക്ഷണത്തിലാണ് പാലക്കാട്. ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.