തിരുവനന്തപുരം: വിനോദയാത്രകൾ മുൻകൂട്ടി അറിയിക്കണമെന്ന സർക്കാര്‍ നിർദ്ദേശം പാലിക്കാൻ മടിച്ച് സ്കൂളുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗതാഗത വകുപ്പിന് വിവരം കൈമാറിയത് 53 സ്കൂളുകൾ മാത്രമാണ്. എന്നാൽ വടക്കഞ്ചേരി അപകടത്തിന് പിന്നാലെ 11 സ്കൂളുകൾ മുൻകൂർ അറിയിപ്പ് നൽകിയാണ് വിനോദയാത്ര പോയത്.
വിനോദ യാത്രക്കു പോകുമ്പോള്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാൻ സ്കൂളുകൾക്ക് വിമുഖത കാട്ടിയിരുന്നതായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിരുന്നു. ജൂലൈ ഏഴിന് സർക്കുലർ ഇറങ്ങിയശേഷം ഇതുവരെ 53 സ്കൂളുകള്‍ മാത്രമാണ് വിവരം കൈമാറിയത്. വടക്കഞ്ചേരി അപകടം ഉണ്ടായതിന് പിന്നാലെ വ്യാഴാഴ്ച മാത്രം 11 സ്കൂളുകൾ വിനോദായാത്ര വിവരം അറിയിച്ചു.
സംസ്ഥാനത്ത സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രക്കുള്ള മാർഗ്ഗനിർദ്ദേശം 2007 മുതൽ നിലവിലുണ്ട്. യാത്ര സൗകര്യം, അധ്യാപകർ പാലിക്കേണ്ട ജാഗ്രത തുടങ്ങിയവയായിരുന്നു ആദ്യ നിർദ്ദേശത്തിൽ പറഞ്ഞത്. അപകടങ്ങള്‍ തുടർകഥയായപ്പോൾ മാനദണ്ഡങ്ങള്‍ കർശനമാക്കി. 2012ലും 19ലും 20ലുമെല്ലാം സർക്കുലറുകൾ ഇറക്കി. രാത്രി യാത്ര നിരോധനം കൊണ്ടുവന്നു, അധ്യാപകർ ലഹരി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കാനും, വിനോദ യാത്രക്ക് ഒരു കമ്മിറ്റിയും കണ്‍വീനറുമൊക്കെ വേണമെന്ന് നിർദ്ദേശിച്ചു.
പക്ഷേ ഈ സർക്കുലറിലൊന്നും വാഹനങ്ങളെ കുറിച്ചൊരു നിർദ്ദേശമില്ല. കാലം മാറിയപ്പോള്‍ വിനോദ യാത്രയുടെ ശൈലിയും മാറി. രൂപ മാറ്റം വരുത്തിയ വാഹനങ്ങളും വെടിക്കെട്ടും പുകയമൊക്കെയായി തീർത്തും അപകടകരമായ നിലയിൽ വിനോദ യാത്രമാറിയിപ്പോഴാണ് മോട്ടോർവാഹന വകുപ്പ് ഇടപെട്ടത്. വിദ്യാർത്ഥികളുമായി നിരത്തിലിങ്ങുമ്പോള്‍ യാത്ര തടയുന്നതിന് പകരം അപകടകരമായി വാഹനങ്ങളിലെ യാത്ര തടയുകയായിരുന്നു ലക്ഷ്യം. യാത്രയെ കുറിച്ചും ബുക്ക് ചെയ്ത വാഹനത്തെ കുറിച്ചും മോട്ടോർ വാഹനവകുപ്പിനെ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു നിർദ്ദേശം.
ജൂലൈ ഏഴിനായിരുന്നു ട്രാൻസ്പപോർട്ട് കമ്മീഷണർ വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകിയത്. വാഹന പരിശോധനക്ക് ശേഷമേ യാത്ര പാടുള്ളൂവെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് താഴേ തട്ടിലേക്ക് നൽകി. പക്ഷെ ഫലമൊന്നുമുണ്ടായില്ല. സർക്കുലറിന് ശേഷം വിനോദയാത്രയെ കുറിച്ച് അറിയിച്ചത് 53 സ്കൂളുകള്‍. അതും യാത്ര പുറപ്പെടുന്നതിന് മുമ്പ ചടങ്ങിന് ഒരു അറിയിപ്പുമാത്രമായിരുന്നു പലതുമെന്നാണ് മോട്ടോർവാഹനവകുരപ്പിൽ നിന്നും അറിയുന്നത്.
അൺ എയ്ഡഡ്- സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള വിവരം കൈമാറൽ തീർത്തും കുറവാണ്. വടക്കഞ്ചേരി അപകടമുണ്ടായതിന് പിന്നാലെ സ്കൂളുകൾക്ക് ബോധോദയം ഉണ്ടായി. അപകടത്തിനറെ പിറ്റേ ദിവസം 11 സ്കൂളുകളാണ് വിനോദയാത്ര പോകുന്നത് മോട്ടോർവാഹനവകുപ്പിനെ അറിയിച്ചത്. അറിയിപ്പ് ലഭിച്ചാൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി യാത്രയുടെ വിവരങ്ങളും ബസ്സും പരിശോധിക്കും. നേരത്തെ അറിയിച്ചാൽ അസുരൻ പോലെ ചട്ടം ലംഘിച്ച് ലൈറ്റും കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളുമുള്ള ബസ്സുകൾക്ക് അനുമതി കിട്ടില്ല. അത് കൊണ്ട് തന്നെയാണ് ആരെയും മുൻകൂട്ടി അറിയിക്കാതെ സ്വന്തം നിലക്ക് ഇഷ്ടമുള്ള ബസ്സുമായി അതിവേഗം യാത്ര പോകുന്നത്.
ഏത് ബസ്സ് വേണമെന്ന് നിർബന്ധം പിടിക്കുന്നത് കുട്ടികൾ തന്നെയെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം, എന്നാൽ കുട്ടികൾ വാശി പിടിച്ചാലും ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ട ബാധ്യത സ്കൂൾ അധികാരികളും മറക്കുന്നതാണ് വിനോദയാത്ര മരണയാത്രയായി മാറാൻ കാരണം.കണ്ണ് തുറക്കാൻ അപകടം വേണ്ടിവരുന്നു എന്നത് ശരിക്കും ദുരവസ്ഥ തന്നെ