ബെംഗളുരു : കര്‍ണാടകയിൽ വീണ്ടും വിനായക് ദാമോദർ സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയതായി റിപ്പോര്‍ട്ട്. തുമകുരുവിലാണ് സവര്‍ക്കറുടെ പോസ്റ്റര്‍ ഒരു സംഘം ആളുകൾ സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയത്. സംസ്ഥാനത്തെ ശിവമോഗയിൽ സ്വാതന്ത്ര്യദിനത്തിൽ സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് പിന്നാലെയാണ് മറ്റൊരിടത്തുകൂടി സമാന സംഭവം നടക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് സവര്‍ക്കറുടെ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്.
ഓഗസ്റ്റ് 15ന് ശിവമോഗയിലെ അമീര്‍ അഹമ്മദ് സര്‍ക്കിളിൽ സ്ഥാപിച്ച സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയതാണ് സംസ്ഥാനത്ത് സംഘര്‍ഷത്തിന് ഇടയാക്കിയത്. രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റിരുന്നു. ഒരു വിഭാഗം സവർക്കറുടെ പോസ്റ്റർ പതിക്കുകയും മറ്റൊരു വിഭാഗം പോസ്റ്റർ നീക്കം ചെയ്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പോസ്റ്റർ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉടൻ തന്നെ പൊലീസ് എത്തി പോസ്റ്ററുകൾ പിടിച്ചെടുത്തു. സംഘർഷമൊഴിവാക്കാനായി പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷത്തിൽ കുത്തേറ്റയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. സംഘർഷമൊഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രേം സിംഗ് എന്ന യുവാവിനാണ് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ടു മൂന്ന് പേരെ ശിവമോഗ സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് . നദീം, അബ്ദുൽ റഹ്മാൻ, ജബീഉള്ള എന്നിവരാണ് അറസ്റ്റിലായത് . അറസ്റ്റു ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിച്ച ജെബിഉള്ളക്ക് നേരെ പൊലീസ് വെടി ഉതിർത്തു. കാലിൽ വെടിയേറ്റ ഇയാൾ ചികിത്സയിലാണ്. പ്രദേശത്തു ബുധനാഴ്ച്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.