സൗദി അറേബ്യ പുതുതായി ഒരു വിമാന കമ്പനി കൂടി രൂപീകരിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തില്‍ രൂപീകരിക്കുന്ന കമ്പനി വഴി സൗദി അറേബ്യയെ ആഗോള യാത്രാ, ചരക്ക് ഗതാഗത ഹബ്ബായി രൂപപ്പെടുത്തുന്നതിന് സഹായിക്കും
സൗദി അറേബ്യ ദേശീയ തലത്തില്‍ പുതിയ ഒരു വിമാന കമ്പനി കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ പുതിയ പ്രഖ്യാപനം. സഊദിയക്ക് പുറമേ ദേശീയ തലത്തില്‍ പുതുതായി വിമാന കമ്പനി ആരംഭിക്കാന്‍ പദ്ധതിയുള്ളതായി ഗതാഗതത്തിനായുള്ള ദേശീയ സ്ട്രാറ്റജി പ്രഖ്യാപനത്തില്‍ കിരീടാവകാശി വ്യക്തമാക്കി.
സൗദി അറേബ്യയെ അന്താരാഷ്ട്ര തലത്തില്‍ മുന്‍നിര യാത്രാ ചരക്ക് ഗതാഗത ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. ആഗോള തലത്തില്‍ ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് രാജ്യത്തെ ഉയര്‍ത്താനാണ് പദ്ധതി. പുതിയ കമ്പനി കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ അന്താരാഷ്ട്ര എയര്‍ റൂട്ടുകളുടെ എണ്ണം ഇരുന്നൂറ്റി അമ്പതിലേക്ക് ഉയരും.
ഒപ്പം രാജ്യത്ത് നിന്നുള്ള ചരക്ക് ഗതാഗത നീക്കം എളുപ്പമാക്കുന്നതിനുള്ള എയര്‍ കാര്‍ഗോ ശേഷി ഉയര്‍ത്താനുമാണ് പദ്ധതിയിടുന്നത്. അതേസമയം കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.