കോട്ടയം: പ്രതിപക്ഷനേതാവെന്ന നിലയിൽ വി.ഡി.സതീശന്റേതു നല്ല പ്രകടനമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. വി.ഡി.സതീശൻ ക്യത്യമായി കാര്യങ്ങൾ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇടതുമുന്നണിയുടെ ഭരണത്തിലെ അപാകതകളും ന്യൂനതകളും തെറ്റുകളും സതീശൻ ജനമധ്യത്തിൽ കൊണ്ടുവരുന്നുണ്ട്.
അതാണ് പ്രതിപക്ഷനേതാവ് ചെയ്യേണ്ടത്, അത് സതീശൻ കൃത്യമായി ചെയ്യുന്നുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. അച്ചു ഉമ്മൻ മിടുക്കിയാണെന്നും ലോക്സഭയിലേക്കു മത്സരിക്കുന്നതിൽ പരിപൂർണ്ണ യോജിപ്പുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിലാണു പുതുപ്പള്ളിയിൽ വിജയിച്ചത്. ആ വിജയത്തിന്റെ ശിൽപ്പികൾ ഇതിനുവേണ്ടി ടീം വർക്കായി ഇറങ്ങിയവരാണ്. സതീശനും സുധാകരനും അതിന്റെ മുൻപന്തിയിലുണ്ടായിരുന്നു. കോൺഗ്രസ് ഒരു ടീമായി നിന്നാൽ അത്ഭുതങ്ങൾ കേരളത്തിലുണ്ടാക്കാൻ പറ്റും.
കേരളത്തിൽ കോൺഗ്രസ് ശക്തമായി മുന്നോട്ട് പോകണം. ആ ശക്തിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് പുതുപ്പള്ളി. ആ പുതുപ്പള്ളിയെ ദുർബലപ്പെടുത്തുന്ന നടപടിയിലേക്കു പോകരുതെന്ന അഭിപ്രായമാണു തനിക്കുള്ളതെന്നും തിരുവഞ്ചൂർ പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കോട്ടയം ഡിസിസി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നതിനെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുണ്ടായ തർക്കത്തെക്കുറിച്ചും തിരുവഞ്ചൂർ പ്രതികരിച്ചു. സുധാകരനും സതീശനും ആ വിഷയത്തിൽ പ്രതികരിച്ചു. എല്ലാവരും പറഞ്ഞുതീർത്ത കാര്യം എന്തിനാണു കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത്. ആ കാര്യം അവിടംകൊണ്ട് അവസാനിച്ചെന്നും തിരുവഞ്ചൂർ പറഞ്ഞു.