കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് സമ്മതിച്ച് പ്രതി. ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്. മുൻ പാർട്ടി പ്രവർത്തകൻ കൂടിയായ പ്രതി അഭിലാഷിനായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകും.
സത്യനാഥിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിലാഷ് ഇന്നലെ മൊഴി നൽകിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്നു. തിരിച്ചുവരുമ്പോൾ വാങ്ങിയ കത്തി ഉപയോഗിച്ചാണ് സത്യനാഥിനെ ആക്രമിച്ചത്. ഉത്സവത്തിനിടെ ഗാനമേള ആസ്വദിക്കുകയായിരുന്ന സത്യനാഥിനെ പിന്നിലൂടെ വന്ന് കഴുത്തിൽ കത്തി ഉപയോഗിച്ച് ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം അഭിലാഷ് സ്ഥലത്തു നിന്ന് കടന്നു കളഞ്ഞു.
കുത്താനുപയോഗിച്ച കത്തി സമീപത്തെ പറമ്പിലുപേക്ഷിച്ച് കൊയിലാണ്ടി പൊലീസിൽ പ്രതി കീഴടങ്ങുകയായിരുന്നു. ഈ കത്തി പൊലീസ് കണ്ടെടുത്തിരുന്നു. മറ്റ് പാർട്ടിക്കാരിൽ നിന്ന് മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തിയെന്നും പാർട്ടിയിൽ നിന്ന് പരിഗണന ലഭിച്ചില്ലെന്നുമാണ് കൊലപാതക കാരണമായി അഭിലാഷ് പൊലീസിനോട് പറഞ്ഞത്.
പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് എട്ട് വർഷം മുൻപ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നിലും സത്യനാഥാണെന്ന് അഭിലാഷ് കരുതി. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.