കൊച്ചി: അഭയ കേസിൽ കോടതി വിധിയിൽ സംശയം പ്രകടിപ്പിച്ച് സത്യ ദീപം എഡിറ്റോറിയൽ. അഭയക്ക് നീതി കൊടുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതി നിഷേധിക്കപ്പെട്ടോയെന്ന് സംശയമുണ്ടെന്നാണ് മുഖപ്രസംഗം പറയുന്നത്. കേസ് അന്വേഷണത്തിന്റെ് നാൾ വഴികൾ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കൂടിയായത് സാംസ്കാരിക കേരളത്തിന്റെ അപചയ വൈകൃതമെന്നും എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്.
അനീതിയുടെ അഭയാഹരണം എന്ന പേരിലാണ് പ്രതികളെ പിന്തുണച്ച് കൊണ്ടുള്ള എഡിറ്റോറിയൽ. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യ ദീപം. വൈകിവന്ന വിധിയിൽ അഭയനീതി പൂർത്തീകരിക്കപ്പെടുക മേൽക്കോടതിയിലായിരിക്കുമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
അഭയ കേസിൽ വിധി വന്നിട്ടും ചോദ്യങ്ങൾ തുടരുകയാണെന്നും വൈകുന്ന നീതി അനീതിയാണെന്ന് സത്യദീപം പറയുന്നു. അഭയയുടെ നീതി വൈകുന്നതിൽ നീതിന്യായ വ്യവസ്ഥയുടെ അവ്യവസ്ഥതകൾ മാത്രമാണോയെന്നും ലേഖനത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കോടതിവിധിയിലൂടെ ഉണ്ടായത് സമ്പൂർണ്ണ സത്യമാണോയെന്ന് സംശയമുണ്ടെന്നും വിചാരണ തീരും മുമ്പേ വിധി വന്നുവെന്ന വൈരുദ്ധ്യവുമുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ജനകീയ സമ്മർദ്ദത്തെയും മാധ്യമവിചാരണയേയും അതിജയിച്ച് നീതി ജലം പോലെ നീതിന്യായ കോടതിയിലും ദൈവത്തിന്റെ കോടതിയിലും ഒഴുകട്ടെയുന്നുമാണ് മുഖപ്രസംഗം പ്രത്യാശ പ്രകടിപ്പിക്കുന്നത്.
പൊതുബോധ നിർമിത കഥയായ ലൈഗിംക കൊലയെന്ന ജനപ്രിയ ചേരുവ വിധിയിലും വിന്യസിക്കപ്പെട്ടെന്ന് സംശയിക്കുന്നുണ്ടെന്നും ആൾക്കൂട്ടത്തിന്റെ അന്ധനീതിയിൽ അമർന്നുപോയ ആനേകായിരങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെ നിശബ്ദ നിലവിളികളായി തുടരുന്നുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു