ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. രണഘടനയുടെ അടിസ്ഥാന ഘടനയിൽ ചേർത്തിട്ടുള്ള ജനാധിപത്യ തത്വങ്ങളോടുള്ള ഈ വഞ്ചനക്കെതിരെ സ്വമേധയാ കേസെടുക്കാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. അത് പോലെ തന്നെയാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച വാർത്തയും. നമ്മുടെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാണ്- തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
ഭരണകക്ഷിക്ക് അനുകൂലമായ തീരുമാനങ്ങൾ സർക്കാർ എടുക്കുന്നത് തടയാൻ ഒരു മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിൽ, ജനാധിപത്യത്തിന്‍റെ പ്രവർത്തനത്തെ നേരിട്ട് തടസ്സപ്പെടുത്തുന്ന ഐടി, ഇഡി തുടങ്ങിയ സർക്കാർ വകുപ്പുകൾക്ക് സമാനമായ ചട്ടം എന്തുകൊണ്ട് ബാധകമല്ല? പ്രധാന സ്ഥലങ്ങളിലെ പ്രതിപക്ഷം കൈയും കാലും കെട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുന്നത് നീതിപൂർവ്വമായ ഒരു അവസ്ഥയല്ല.
അധികാരത്തിൽ ഇരിക്കുന്നവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. എന്നാൽ ഇപ്പോഴുള്ള ഈ നടപടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഈ രണ്ട് വിഷയങ്ങളും അന്വേഷിക്കാൻ ഐടിക്കും ഇഡിക്കും ഇത്രയും സമയമെടുക്കാമെങ്കിൽ, അവർക്ക് രണ്ട് മാസം കൂടി കാത്തിരിക്കാനാകാത്തത് എന്തുകൊണ്ട്?- തരൂർ ചോദിക്കുന്നു.