കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി സരിതയും ബിജു രാധാകൃഷ്ണനും വഞ്ചിച്ചെന്നാണ് കേസ്. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിതയ്ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.
വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുല്‍ മജീദില്‍നിന്നു സരിത പണം തട്ടിയത്. മലബാര്‍ ജില്ലകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. കേസില്‍ നിരന്തരമായി കോടതിയില്‍ ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സരിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.