വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പുസ്തകമാക്കുന്ന വിവരം പുറത്തുവിട്ട തിരക്കഥാകൃത്ത് റമീസ് മുഹമ്മദിനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന് ശങ്കു ടി ദാസ്. ‘സുല്‍ത്താന്‍ വാരിയംകുന്നന്’ എന്ന് പേരിട്ട പുസ്തകം ഒക്ടോബര്‍ 29 വെള്ളിയാഴ്ച പ്രകാശനം ചെയ്യുമെന്നും പുസ്തകത്തിന്റെ മുഖചിത്രം കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ഫോട്ടോ ആയിരിക്കുമെന്നും റമീസ് വ്യക്തമാക്കിയിരുന്നു.
പത്ത് വര്‍ഷമായി നടത്തി വന്ന റിസേര്‍ച്ചിനൊടുവില്‍ വിലപ്പെട്ട പല വിവരങ്ങള്‍ ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെയാണ് ശങ്കു ടി ദാസ് പരിഹസിക്കുന്നത്. നിര്‍ത്താതെ ഇനിയും റിസര്‍ച് തുടര്‍ന്നാല്‍ പതിനഞ്ചാം വര്‍ഷം ആവുമ്പോളേക്കും വാരിയന്കുന്നന് ഐക്യ രാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും കിട്ടുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
‘സുമാര്‍ അഞ്ചു വര്‍ഷത്തോളം റിസര്‍ച് ചെയ്തപ്പോളാണ് വാരിയന്കുന്നന് ദി ഹിന്ദു പത്രത്തിന് അയച്ച കത്ത് കിട്ടിയത്. റിസര്‍ച് പത്ത് വര്‍ഷം ആയപ്പോളേക്കും വാരിയന്കുന്നന് അമേരിക്കയിലേക്ക് അയച്ച സന്ദേശവും കിട്ടിയിരിക്കുന്നു. ഇതോണ്ട് നിര്‍ത്താതെ ഇനിയും റിസര്‍ച് തുടര്‍ന്നാല്‍ പതിനഞ്ചാം വര്‍ഷം ആവുമ്പോളേക്കും വാരിയന്കുന്നന് ഐക്യ രാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും കിട്ടും എന്നാണ് എന്റെയൊരിത്’, ശങ്കു ടി ദാസ് ഫേസ്ബുക്കില്‍ എഴുതി.
‘കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസര്‍ച്ച് ടീം. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നന് അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു’, റമീസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.