CricketNewsSports

സഞ്ജു ഇറങ്ങും,രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം(WI vs IND 2nd ODI) ഇന്ന് നടക്കും. പോർട്ട് ഓഫ് സ്പെയി‌നിലെ ക്യൂൻസ് പാർക്ക് ഓവലിൽ(Queen’s Park Oval) വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ഇന്ത്യക്ക്(Indian National Cricket Team) ഇന്ന് വിജയിച്ചാല്‍ ഒരു മത്സരം ബാക്കിനില്‍ക്കേ പരമ്പര സ്വന്തമാക്കാം.

 

കരീബിയൻ മണ്ണിൽ ഇന്ത്യയുടെ ഭാഗ്യവേദിയായ ക്യൂൻസ് പാർക് ഓവലിൽ ഏകദിന പരമ്പര സ്വന്തമാക്കാൻ ശിഖർ ധവാനും സംഘവും ഇറങ്ങുകയാണ്. തുടർതോൽവികളിൽ നിന്ന് കരകയറി പ്രതീക്ഷ നിലനിർത്താൻ നിക്കോളാസ് പുരാന്‍റെ വിൻഡീസ് തയ്യാറെടുക്കുന്നു. ക്യാപ്റ്റൻ ധവാൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ആദ്യ കളിയിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. സൂര്യകുമാർ യാദവും സഞ്ജു സാംസണും ദീപക് ഹൂ‍ഡയും ഉൾപ്പെട്ട മധ്യനിര കൂടി അവസരത്തിനൊത്തുയർന്നാൽ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ല. അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് ക‍ൃഷ്‌ണ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മത്സരത്തിലെ ബൗളിംഗ് നിര. പരിക്കേറ്റ രവീന്ദ്ര ജഡേജ ഇന്നും കളിക്കില്ലെന്ന് ഉറപ്പാണ്. 

ഒന്നാം ഏകദിനത്തിൽ വരുത്തിയ പിഴവുകൾ പരിഹരിച്ച് കൂടുതൽ ആധികാരികമായ വിജയം ലക്ഷ്യമിട്ടാണ് ഇക്കുറി ഇന്ത്യയുടെ പടയൊരുക്കം. പകരക്കാരൻ ക്യാപ്റ്റൻ ശിഖർ ധവാൻ, യുവതാരം ശുഭ്മൻ ഗിൽ എന്നിവർ മികച്ച പ്രകടനം തുടരുന്നതിനൊപ്പം, മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടുന്ന മധ്യനിര കൂടുതൽ ഉത്തരവാദിത്തം കാട്ടുമെന്ന പ്രതീക്ഷയിലാണ് ടീം.

ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോലി, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ സ്ഥിരം മുഖങ്ങൾ ഇല്ലെങ്കിലും, വിൻഡീസിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ പുറത്തെടുത്തത്. ഏതാണ്ട് ഒന്നര വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണർ ശുഭ്മൻ ഗിൽ, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുമായാണ് അവസരം മുതലെടുത്തത്. ഋതുരാജ് ഗെയ്‍ക്‌വാദ്, ഇഷാൻ കിഷൻ എന്നിവർ പുറത്തിരിക്കെ ലഭിച്ച അവസരം ഇരു കയ്യും നീട്ടി ഗിൽ സ്വീകരിച്ചു. നിർഭാഗ്യകരമായ റണ്ണൗട്ടിലൂടെ പുറത്തായിരുന്നില്ലെങ്കിൽ ഗില്ലിന്റെ കന്നി ഏകദിന സെഞ്ചുറി പിറക്കുമായിരുന്നുവെന്ന് കരുതുന്നവർ ഏറെ.

ക്രീസിൽ നിന്നിടത്തോളം സമയവും ആധികാരികമായ പ്രകടനമായിരുന്നു ഗില്ലിന്റേത്. മറുവശത്ത് ധവാൻ പതുക്കെയാണ് തുടങ്ങിയതെങ്കിലും, അനായാസം ഫോറുകളും സിക്സറുകളും കണ്ടെത്തിയാണ് ഗിൽ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം 106 പന്തിൽ 119 റൺസ് കൂട്ടിച്ചേർത്താണ് ഗിൽ പുറത്തായത്. മികച്ച പ്രകടനം ആവർത്തിച്ച് ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാനാകും ഗില്ലിന്റെ ശ്രമം. ഗില്ലിനൊപ്പം ഉറച്ചുനിന്ന ക്യാപ്റ്റൻ ധവാന് നേരിയ വ്യത്യാസത്തിലാണ് ഏകദിനത്തിലെ 18–ാം സെഞ്ചുറി നഷ്ടമായത്.

വൺഡൗണായെത്തിയ ശ്രേയസ് അയ്യരും അർധസെഞ്ചുറിയുമായിപ്രതീക്ഷ കാത്തെങ്കിൽ, മധ്യനിരയിലെ കൂട്ടത്തകർച്ചയാണ് അനായാസം 350 കടക്കുമെന്ന് കരുതിയ ഇന്ത്യൻ സ്കോർ 308ൽ ഒതുക്കിയത്. രാജ്യാന്തര വേദിയിൽ ലഭിച്ച മറ്റൊരു അവസരം കൂടി നഷ്ടമാക്കിയ മലയാളി താരം സഞ്ജു സാംസണാകും രണ്ടാം ഏകദിനത്തിലെ ശ്രദ്ധാകേന്ദ്രം. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 18 പന്തിൽ ഒരേയൊരു സിക്സ് സഹിതം നേടിയത് 12 റൺസ് മാത്രം. ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറിലെ നിർണായകമായ സേവിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ സഞ്ജുവിനായി. എങ്കിലും ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ആ സേവു മാത്രം പോരെന്ന ബോധ്യം സഞ്ജുവിനുണ്ട്.

സഞ്ജുവിനു പുറമേ സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, അക്സർ പട്ടേൽ തുടങ്ങിയവർക്കെല്ലാം ഞായറാഴ്ചത്തെ മത്സരം നിർണായകമാണ്. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ യുസ്‌വേന്ദ്ര ചെഹലിനു മുൻപേ ദീപക് ഹൂഡയുടെ പാർട്ട് ടൈം സ്പിൻ ഉപയോഗപ്പെടുത്തി വിസ്മയിപ്പിച്ച ധവാൻ, രണ്ടാം മത്സരത്തിലും പരീക്ഷണങ്ങൾ തുടരാനാണ് സാധ്യത

ആദ്യ മത്സരത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും, ഇന്ത്യൻ ബോളർമാരി‍ൽ ഏറ്റവും കുറവു റൺസ് വഴങ്ങിയ താരമായി ഹൂഡ. അഞ്ച് ഓവറിൽ 22 റൺസ് മാത്രമാണ് ഹൂഡ വഴങ്ങിയത്. വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാനെ ഉൾപ്പെടെ പുറത്താക്കി കരുത്തുകാട്ടിയ മുഹമ്മദ് സിറാജ്, അവസാന ഓവറുകളിൽ യോർക്കറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ യഥേഷ്ടം പ്രയോഗിച്ചും വിൻഡീസിനെ വരിഞ്ഞുമുറുക്കി.

ക്വീന്‍സ് പാര്‍ക്ക് ഓവലിലെ ഔട്ട്ഫീല്‍ഡിന് നല്ല വേഗമുണ്ട് എന്നത് ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഘടകമാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഏഴും വിന്‍ഡീസിന്‍റെ ആറും വിക്കറ്റുകളാണ് ഇവിടെ വീണത്. ക്വീന്‍സ് പാര്‍ക്ക് ഓവലിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 218 ആണ്. രണ്ടാം ഇന്നിംഗ്‌സിലേത് 179 ഉം. 2007ല്‍ ബര്‍മുഡയ്‌ക്കെതിരെ ഇന്ത്യ 413 റണ്‍സടിച്ചത് ഇതേ വേദിയിലാണ്. ഇതാണ് ക്വീന്‍സ് പാര്‍ക്ക് ഓവലിലെ ഉയര്‍ന്ന ടീം ടോട്ടലും. കുറഞ്ഞ സ്‌കോറിന്‍റെ റെക്കോര്‍‍ഡ് കാനഡയുടെ പേരിലാണ്. സിംബാബ്‌വേക്കെതിരെ 2006ല്‍ കാനഡ 75 റണ്‍സില്‍ പുറത്തായതാണ് ഇവിടുള്ള കുറഞ്ഞ സ്‌കോര്‍. 

 

പാകിസ്ഥാനോടും ബംഗ്ലാദേശിനോടും തുടർച്ചയായ ആറ് ഏകദിനത്തിൽ തോറ്റ വിൻഡീസ് ഇന്ത്യക്കെതിരെ 300 റൺസിലേറെ നേടിയെന്ന ആശ്വാസത്തിലാണ്. ബാറ്റർമാരുടെ പ്രകടനം തന്നെയാവും ഇന്നും വിൻഡീസിന് നിർണായകമാവുക. ക്യൂൻസ് പാർക്ക് ഓവലിൽ പന്ത്രണ്ട് ഏകദിനങ്ങളിൽ ഇന്ത്യ ജയിച്ചു. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ള രണ്ടാമത്തെ വേദിയും ഇതുതന്നെ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker