ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളിതാരം സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. സഞ്ജുവിന് പകരമെത്തിയ സൂര്യകുമാര്‍ യാദവിന് തിളങ്ങാനുമായില്ല. 25 പന്തുകളില്‍ 19 റണ്‍സുമായി താരം മടങ്ങി. ടി20യില്‍ മികച്ച ഫോമിലെങ്കിലും ഏകദിന ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ സൂര്യ നിരാശപ്പെടുത്താറുണ്ട്. ഇത്തവണയും അതുതന്നെ സംഭവിച്ചു. ഇതോടെ സഞ്ജുവിന് പിന്തുണയേറി.
ഇതിനിടെ സഞ്ജുവിനെ ഒഴിവാക്കിയത് അവസാന നിമിഷമെന്നും സൂചനയുണ്ട്. പകരം സൂര്യയെ കൊണ്ടുവരികയായിരുന്നു. ടോസ് നേടി ഇന്ത്യ ഫീല്‍ഡ് ചെയ്യുമ്പോള്‍ സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞാണ് സൂര്യ ഗ്രൗണ്ടിലെത്തിയത്. ഇതില്‍ നിന്നാണ് സഞ്ജു അവസാന നിമിഷം തഴയപ്പെട്ടെന്ന് ആരാധകര്‍ അനുമാനിക്കുന്നത്.
ഏകദിന ക്രിക്കറ്റില്‍ 10 ഇന്നിങ്‌സില്‍ നിന്നും 66 ശരാശരിയില്‍ 104.7 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യ താഴോട്ട് പോവാന്‍ ഇത്തരം മോശം തീരുമാനങ്ങളാണെന്നാണ് ആരാധകരുടെ അഭിപ്രായം. കളിപ്പിച്ചില്ലെന്ന് മാത്രമല്ല, ജഴ്‌സി വരെ അടിച്ചുമാറ്റിയെന്ന് മറ്റൊരു രസകരമായ പോസ്റ്റ്. ചില ട്വീറ്റുകള്‍ വായിക്കാം…
ബാര്‍ബഡോസില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. നായകന്‍ ഷായ് ഹോപ് മാത്രമാണ് വിന്‍ഡീസിനായി പൊരുതിനോക്കിയത്. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ നാല് വിക്കറ്റ് നേട്ടം.
മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്റെ (16 പന്തില്‍ 17) ഇന്നിംഗ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 7 പന്തില്‍ 5 റണ്ണെടുത്ത് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും (46 പന്തില്‍ 52) മോട്ടീ മടക്കി. 4 പന്തില്‍ 1 റണ്ണുമായി ഷര്‍ദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും (16*), രോഹിത് ശര്‍മ്മയും(12*) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിക്കുകയായിരുന്നു.