KeralaNews

സഞ്ജു വിരമിയ്ക്കണം,ഫഫ് ഡുപ്ലെസിയെപ്പോലെ വിദേശത്ത് കളിയ്ക്കണം,ബി.സി.സി.ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍

ന്യൂസിലാന്‍ഡുമായുള്ള അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ടി20 മാച്ചിലും സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയതില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ടുനില്‍ക്കുകയായിരുന്നതിനാല്‍ സഞ്ജുവിനു ഉറപ്പായും ഈ കളിയില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തൊട്ടുമുമ്പത്തെ മാച്ചില്‍ റിഷഭ് പന്ത് (6) ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായതിനാല്‍ പകരം സഞ്ജുവിനെ തിരിച്ചുവിളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

പക്ഷെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തുറന്നു പറഞ്ഞത്. രണ്ടാം ടി20യില്‍ ജയിച്ച ടീമില്‍ ഇന്ത്യ ഒരേയൊരു മാറ്റം മാത്രമേ വരുത്തിയുള്ളൂ. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം ഹര്‍ഷല്‍ പട്ടേലിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. സഞ്ജുവിനെ ഒരിക്കല്‍ക്കൂടി തഴഞ്ഞതിനെതിരേ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ്.

ഒരു ബഹുമാനവുമില്ല

സഞ്ജു സാംസണ്‍ വീണ്ടും തഴയപ്പെട്ടിരിക്കുകയാണ്. ഈ ടീം മാനേജ്‌മെന്റിനോടോ, ക്യാപ്റ്റനോടെ തനിക്കു യാതൊരു ബഹുമാനവും ഇപ്പോഴില്ലെന്നായിരുന്നു ഒരു യൂസര്‍ തുറന്നടിച്ചത്.സഞ്ജു സാംസണും ശുഭ്മാന്‍ ഗില്ലും ഉമ്രാന്‍ മാലിക്കും കുല്‍ദീപ് യാദവും ഒന്നുമില്ലേ? ഇതു തമാശയാണോയെന്നായിരുന്നു ഒരു പ്രതികരണം.

എട്ടു വര്‍ഷത്തിനിടെ 16 മല്‍സരം

2015ല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയ താരമാണ് സഞ്ജു സാംസണ്‍. എട്ടു വര്‍ഷത്തിനിടെ കളിച്ചത് വെറും 16 മല്‍സരങ്ങളിലാണ്. അതായത് ഒരു വര്‍ഷത്തില്‍ രണ്ടു മല്‍സരം മാത്രം. എന്നിട്ടാണ് സഞ്ജു അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നു ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം 44 ശരാശരിയും 158 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടെന്നു മറക്കരുത്. ബാറ്റിങില്‍ കാര്യമായ ഒരു സംഭാവനയും നല്‍കാതിരുന്നിട്ടും റിഷഭ് പന്ത് 65 ടി20കള്‍ കളിച്ചുകഴിഞ്ഞു. ഇപ്പോഴും അവസരം കിട്ടിക്കൊണ്ടിരിക്കുന്നതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

എന്തു നാശമാണിത്?

സഞ്ജു സാംസണില്ലാതെ ഇന്ത്യ ഒരു മല്‍സരത്തില്‍ കൂടി കളിക്കുകയാണ്. എല്ലായ്‌പ്പോഴും അദ്ദേഹത്തിനു എന്തുകൊണ്ടാണ് സ്വന്തം സ്ഥാനം ത്യജിക്കേണ്ടി വരുന്നത്? ടീം മാനേജ്‌മെന്റ് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരിക്കുകയാണെന്നും ഒരു യൂസര്‍ കുറിച്ചു.

സഞ്ജു സാംസണും ഉമ്രാന്‍ മാലിക്കും ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിനു പുറത്തിരിക്കുന്നു. ഭുവനേശ്വര്‍ കുമാര്‍ എന്തുകൊണ്ടാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്? ആരെങ്കിലുമൊന്നു വിശദീകരിക്കാമോയെന്നു ഒരു യൂസര്‍ ചോദിക്കുന്നു.

ബിസിസിഐയോടു ലജ്ജ തോന്നുന്നു

ചതിയനായ റിഷഭ് പന്തിനെ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ കൊണ്ടു നടക്കുന്ന ബിസിസിഐയോടു ലജ്ജ തോന്നുന്നു. കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്നിട്ടും അയാളെ ടീമില്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, നന്നായി പെര്‍ഫോം ചെയ്തിട്ടും സഞ്ജു സാംസണിനെ ഇന്ത്യ തഴയുന്നുവെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

ഇതു സത്യമാണോ? സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഉറപ്പായും സ്ഥാനമര്‍ഹിക്കുന്നു. ബിസിസിഐയോടു ലജ്ജ തോന്നുന്നുവെന്നു ഒരു യൂസര്‍ കുറിച്ചു.

സഞ്ജു വിരമിക്കണം

സഞ്ജു സാംസണ്‍ എത്ര നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണ്. അപ്രധാനമായ മല്‍സത്തില്‍, അതും ഇന്ത്യയുടെ രണ്ടാം നിര ഇലവനില്‍പ്പോലും അദ്ദേഹത്തിനു അവസരം കിട്ടുന്നില്ല. സഞ്ജു വിരമിക്കുകയാണ് വേണ്ടത്. ഫഫ് ഡുപ്ലെസിയെപ്പോലെ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുകയും വേണം. അര്‍ഹിക്കുന്ന ബഹുമാനമെങ്കിലും ഇതിലൂടെ സഞ്ജുവിനു ലഭിക്കുമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button