ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ വിജയം ഇന്ത്യ അര്‍ഹിച്ചിരുന്നതാണെന്ന് ടീമിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണ്‍. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് രോഹിത് ശര്‍മ്മയും സംഘവും കിരീടം ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് സഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരണമറിയിച്ചത്.
https://www.instagram.com/p/C80Q0nRRJIf/?igsh=dmR4Y3Bma28zMDQw
‘ഒരു ലോകകപ്പ് എന്നത് അത്രയെളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നല്ല. ഈ വികാരവും അനുഭൂതിയും വീണ്ടും അനുഭവിക്കുന്നതിനായി ഞങ്ങള്‍ക്ക് 13 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. എന്തൊരു ടീമും എന്തൊരു ഫൈനലുമായിരുന്നു അത്. ശരിക്കും ഞങ്ങള്‍ അര്‍ഹിച്ചിരുന്ന വിജയമാണിത്. എല്ലാവര്‍ക്കും നന്ദി. ആഘോഷങ്ങള്‍ തുടങ്ങട്ടെ’, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്യാപ്റ്റന്‍ രോഹിത്തിനും ടീമംഗങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
സുനില്‍ വത്സന്‍ (1983), എസ് ശ്രീശാന്ത് (2007 ടി20, 2011) എന്നിവര്‍ക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു സാംസണ്‍. ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് കളത്തിലിറങ്ങാനായത്. തുടര്‍ന്നുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലോ നോക്കൗട്ട് മത്സരങ്ങളിലോ സഞ്ജുവിന് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയിരുന്നില്ല.