ഡബ്ലിന്‍: ഇന്ത്യയുടെ പുരുഷ ടി20 ക്രിക്കറ്റ് ചരിത്രം ഉള്ളിടത്തോളം കാലം ഓർത്തിരിക്കാനൊരു തീപ്പൊരി കൂട്ടുകെട്ട്. ഇന്ത്യന്‍ ടീമില്‍ കസേരയുറപ്പിക്കാന്‍ പാടുപെടുന്ന രണ്ട് താരങ്ങള്‍ അവസരത്തിനൊത്ത് തകർത്തടിച്ചപ്പോള്‍ അയർലന്‍ഡിനെതിരെ ഡബ്ലിനിലെ രണ്ടാം ടി20യില്‍(IRE vs IND 2nd T20I) പിറന്നത് റെക്കോർഡ് പാർട്ണർഷിപ്പ്. രണ്ടാം വിക്കറ്റിലൊന്നിച്ച് 176 റണ്‍സ് ചേർത്ത ദീപക് ഹൂഡയും സഞ്ജു സാംസണുമാണ്(Deepak Hooda-Sanju Samson) റെക്കോർഡിട്ടത്.
ഓപ്പണർ ഇഷാന്‍ കിഷനെ ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നഷ്ടമാകുമ്പോള്‍ ഇന്ത്യക്ക് 13 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് സ്റ്റിയറിംഗ് ഏറ്റെടുത്തു ദീപക് ഹൂഡയും സഞ്ജു സാംസണും 12-ാം ഓവറില്‍ ടീമിനെ 100 കടത്തി. 17-ാം ഓവറിലെ രണ്ടാം പന്തില്‍ മാത്രമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ അയർലന്‍ഡിനായത്.
42 പന്തില്‍ 9 ഫോറും നാല് സിക്സറുമായി ആളിക്കത്തിയ സഞ്ജു 77 റണ്‍സെടുത്ത് മാർക് അഡൈറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഈസമയം ഇന്ത്യന്‍ സ്കോർ 189ലെത്തിയിരുന്നു. സഞ്ജുവിന്‍റെ രാജ്യാന്തര ടി20 കരിയറിലെ ആദ്യ ഫിഫ്റ്റിയാണിത്. അതേസമയം രാജ്യാന്തര ടി20 കരിയറിലെ ആദ്യ സെഞ്ചുറിയിലെത്തിയ ദീപക് ഹൂഡ 57 പന്തില്‍ 9 ഫോറും ആറ് സിക്സറും സഹിതം 104 റണ്‍സെടുത്തു.
രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്ന് ഡബ്ലിനില്‍ പടുത്തുയർത്തിയ 176 റണ്‍സ്. ഡബ്ലിനില്‍ രണ്ടാം വിക്കറ്റിലായിരുന്നു ഇരുവരുടേയും റെക്കോർഡ് സ്കോറിന്‍റെ പിറവി. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.