തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കേരളത്തിലെത്തിയതിന്റെ ആഘോഷമാണ് സൈബര്‍ ഇടങ്ങളിലും റെയില്‍വേ സ്റ്റേഷനിലും. ബിജെപി പ്രവര്‍ത്തകര്‍ വലിയ വരവേല്‍പ്പാണ് ട്രെയിനിന് നല്‍കിയത്. ഇതിനു പിന്നാലെ ട്രെയിന്‍ വരവിനു പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടി സിപിഎം പ്രവര്‍ത്തകരും രംഗത്തുണ്ട്.
ഇക്കൂട്ടത്തില്‍ കെ റെയിലിന്റെയും വന്ദേഭാരതിന്റെയും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. വസ്തുതകൾ അറിഞ്ഞ് തള്ളുക എന്ന ഉപദേശത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
കുറിപ്പ് വായിക്കാം:
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ… നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ്: 2138 രൂപ. സമയം: 8 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കെഎസ്ആര്‍ടിസി മിന്നൽ ബസ് ചാർജ്: 671 രൂപ. സമയം: 9 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ-റെയിൽ ചാർജ്: 1325 രൂപ. സമയം: 3 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഫ്ലൈറ്റ് ചാർജ്: 2897 രൂപ… സമയം: 1 മണിക്കൂർ.. വിഷു ആശംസകള്‍..
കെ.റെയില്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞെന്നും സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ വന്ദേഭാരതിനെതിരെ തിരിയാന്‍ കാരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളികള്‍ക്ക് വിഷുകൈനീട്ടമായി നല്‍കിയ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയോടും കേന്ദ്ര റെയില്‍വെ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു.
‘വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിന്‍ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വന്ദേഭാരത് അനുവദിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവര്‍ പറയുന്നത്.
വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. വന്ദേഭാരതിന്റെ പതിമൂന്നാം നമ്പര്‍ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസന കാര്യത്തില്‍ മോദി സര്‍ക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇതൊരു തുടക്കം മാത്രമാണ്.- കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
‘രണ്ട് ലക്ഷം കോടി ചിലവഴിച്ച് കേരളത്തെ കടക്കെണിയിലാക്കി വലിയ തോതില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.’ വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ വന്ദേഭാരതിനെതിരെ തിരിയാന്‍ കാരണമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.