തിരുവനന്തപുരം:സ്വർണക്കടത്ത് പ്രതി സന്ദീപ് നായരിൽ നിന്ന് എൻഫോഴ്സ്മെന്റിന് എതിരായ മൊഴി ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കേസ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് ഇന്ന് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാൻ ഇഡി നിർബന്ധിച്ചു എന്ന മൊഴി സന്ദീപിൽ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിന്മേലാണ് കേസെടുത്തത്. എന്നാൽ സന്ദീപിന്റെ അഭിഭാഷക അങ്ങനെ ഒരു പരാതി നൽകിയില്ലെന്ന് വാദിച്ചിരുന്നു. ഏതായാലും സന്ദീപ് നായർ കേസിന് അനുകൂലമായ മൊഴി നൽകിയെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.