തിരുവല്ല :സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവം നടന്ന ചാത്തങ്കരിയിലെത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതികളായ ജിഷ്ണു രഘു, പ്രമോദ് പ്രസന്നൻ, നന്ദു അജിത്, മൻസൂർ, വിഷ്ണുകുമാർ എന്നിവരെ ഇന്നലെ ഉച്ചയ്ക്ക് 2ന് ഡിവൈഎസ്പി ടി.രാജപ്പന്റെ നേതൃത്വത്തിലാണ് എത്തിച്ചത്. കൊലപാതകം നടന്ന കലുങ്കിനു സമീപമെത്തിച്ച പ്രതികളോട് സംഭവം നടന്നതെങ്ങിനെയെന്നു ചോദിച്ചു മനസ്സിലാക്കി.
ജനരോഷത്തെ തുടർന്ന് 5 മിനിറ്റിനുള്ളിൽ തെളിവെടുപ്പു പൂർത്തിയാക്കി പൊലീസ് പ്രതികളുമായി മടങ്ങി. ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒന്നിച്ച് വിലങ്ങിട്ടാണ് കൊണ്ടുവന്നത്. പിന്നാലെ ഫൈസൽ എന്ന മൻസൂറിനെ ജീപ്പിനു പുറത്തിറക്കിയതോടെ ജനങ്ങളുടെ പ്രതിഷേധം നിയന്ത്രണം വിട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതികൾക്കുനേരെ ആക്രോശിച്ചു. പൊലീസ് ജനങ്ങളെ നിയന്ത്രിച്ച ശേഷം പ്രതികളെ കൊണ്ടുപോകുകയായിരുന്നു.
സന്ദീപിനെതിരെ ജിഷ്ണുവിനു വ്യക്തിവൈരാഗ്യമൊന്നുമില്ലെന്നും പ്രതികൾ പറയുന്നത് കള്ളമാണെന്നും നാട്ടുകാർ ആരോപിച്ചു. അഞ്ചാം പ്രതി വിഷ്ണുകുമാറിനെ വൈകിട്ട് തലവടിയിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. സംഭവത്തിനുപയോഗിച്ച വടിവാൾ ഇവിടെ നിന്നു കണ്ടെടുത്തു. ഇതുവരെ പേരും വിലാസവും വ്യക്തമാകാത്ത നാലാം പ്രതി മൻസൂറിനെ കാർസർകോട്ടു കൊണ്ടു പോയി വിലാസത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തും. മുഹമ്മദ് ഫൈസൽ എന്ന പേര് വ്യാജമാണെന്നു കാസർകോട് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
പെരിങ്ങര സന്ദീപ്കുമാർ വധക്കേസിൽ പിടിയിലായ പ്രതികൾ നൽകുന്നത് ഒരേ മറുപടി. പറഞ്ഞു പഠിപ്പിച്ച പോലെയാണ് വിവരങ്ങൾ നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജിഷ്ണുവിനു സന്ദീപിനോടുള്ള വ്യക്തിവിരോധമാണ് കൊലയ്ക്കു കാരണമെന്ന മൊഴി പ്രതികൾ ആവർത്തിച്ചു.
രണ്ടും പേരും വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതും വൈരാഗ്യത്തിനു കാരണമായി. നേരത്തേ 5 കേസിൽ പ്രതിയായ ജിഷ്ണുവിനെ അന്വേഷിച്ചു പൊലീസ് വന്നപ്പോഴൊക്കെ ജിഷ്ണുവിനെക്കുറിച്ചു വിവരങ്ങൾ നൽകിയത് സന്ദീപാണെന്നത് വിരോധം കൂട്ടി. ആവശ്യത്തിനു സമയമെടുത്താണ് പൊലീസ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
ഡിജിറ്റൽ തെളിവുകൾ അടക്കം കൃത്യമായി ശേഖരിച്ച്, പഴുതുകൾ ഇല്ലാതെ കുറ്റപത്രം തയാറാക്കാനാണ് ശ്രമം. പ്രതികളെ 8 ദിവസം കസ്റ്റഡിയിൽ ലഭിച്ചതിനാൽ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പൊലീസിനു സമയമുണ്ട്. എന്നാൽ, കാണാപാഠം പഠിച്ചപോലെ പ്രതികൾ പറയുന്ന മൊഴികൾ പൊലീസിനെ കുഴക്കുന്നുണ്ട്. ഇതിനിടെ അഞ്ചാം പ്രതി വിഷ്ണുകുമാറിന്റേത് എന്നു കരുതുന്ന ടെലിഫോൺ സംഭാഷണം പുറത്തായി.
സംഭാഷണത്തിൽ പറയുന്ന പ്രകാരം പ്രതികളിൽ ആരൊക്കെ പൊലീസിനു പിടികൊടുക്കണമെന്നു മിഥുൻ എന്നൊരാളാണ് തീരുമാനിച്ചത്. അതു പ്രകാരം ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ പിടികൊടുക്കുമെന്നും മറ്റുള്ളവർ പിടി കൊടുക്കില്ലെന്നും പറയുന്നു. ഇതിൽ പറയുന്ന മിഥുൻ ചങ്ങനാശേരിയിലെ പ്രധാന ക്വട്ടേഷൻ സംഘാംഗമാണെന്നു പൊലീസ് സംശയിക്കുന്നു.
ടെലിഫോൺ സംഭാഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയായ മൻസൂറിനെ കുറ്റപ്പുഴയിലെ ലോഡ്ജിൽനിന്നു പിടികൂടുമ്പോൾ, സംഭവ ദിവസം ഇവർ കരുവാറ്റായിൽ നിന്നു തട്ടിക്കൊണ്ടുവന്ന അരുൺ, കോട്ടയം ജില്ലയിലെ കാപ്പ കേസിൽ ഉൾപ്പെട്ട 2 പേർ എന്നിവരും ഉണ്ടായിരുന്നു. ഇവരിൽ 3 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മൻസൂർ ഒഴികെയുള്ള 2 പേരെ പിന്നീടു വിട്ടയച്ചു. സംഭവത്തിനു മുൻപ് പ്രതികൾ മദ്യപിച്ചതും മണിക്കൂറുകൾ ചെലവഴിച്ചതും ഈ വിട്ടയച്ച രണ്ടു പേർക്കൊപ്പം ലോഡ്ജ് മുറിയിലായിരുന്നു. എന്നാൽ, ഇവരെ പ്രതി ചേർക്കാനോ സാക്ഷികളാക്കാനോ അന്വേഷണ സംഘം തയാറായിട്ടില്ല.