കൽപ്പറ്റ: സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം പുല്ലാറ കുന്നുമ്മൽ മുഹമ്മദ് അക്ബർ (30) മൊയ്ക്കൽ അബൂബക്കർ, (30), ചുണ്ടേൽ ആനപ്പാറ കുന്നത്ത് ഫർഷാദ് (28) എന്നിവരെയാണ് വനം വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. മരങ്ങൾ മുറിച്ച് കടത്തുന്നതിനുപയോഗിച്ച് കെ.എൽ 52 ഡി 2044 നമ്പർ സ്വിഫ്റ്റ് കാറും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.
ചന്ദനത്തടികൾക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ അറിയിച്ചു.മേപ്പാടി റെയ്ഞ്ചിനു കീഴിൽ ചന്ദന മരങ്ങൾ സ്ഥിതി ചെയ്യുന്ന മുഴുവൻ പ്രദേശങ്ങളും ശക്തമായ കാവലും നൈറ്റ് പട്രോളിംഗും ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രാത്രിയിൽ വൈത്തിരി സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ രാത്രി പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ കടന്നു പോവാതിരിക്കുന്നതിന് വേണ്ടി എല്ലാ റോഡുകളിലും വാഹന പരിശോധന ശക്തിപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തിരുന്നു. ചന്ദനം കയറ്റി വന്ന വാഹനം കൈ നീട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. അമിത വേഗതയിലെത്തിയ വാഹനവും പ്രതികളെയും വനം വകുപ്പുദ്യോഗസ്ഥരും വാച്ചർമാരും സാഹസികമായാണ് പിടികൂടിയത്.
പിടിയിലായ പ്രതികൾ സ്ഥിരം ചന്ദന മോഷണ സംഘത്തിലുൾപ്പെട്ടരാണോ എന്നതും ഇവർക്ക് അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധങ്ങൾ ഉണ്ടോയെന്നുള്ളതും അന്വേഷണത്തിലാണെന്നും ഇത്തരത്തിലുളള കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും, കസ്റ്റഡിയിലെടുത്ത വാഹനം സർക്കാരിലേക്ക് കണ്ടു കെട്ടുമെന്നും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ ഹരിലാൽ.ഡി, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. സനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ. വിജയനാഥ്, എൻ.ആർ. ഗണേഷ് ബാബു, സുരേഷ്.വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആൻസൺ ജോസ്, ദീപ്തി.എസ്, ഫോറസ്റ്റ് വാച്ചർമാരായ കെ.സി. ബാബു, എസ്. രമ എന്നിവരും താൽക്കാലിക വാച്ചർമാരുമാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.