കേരളം കൊവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ നല്ല മതിപ്പാണ്, പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍
തിരുവനന്തപുരം: കടുത്ത പനി കാരണം കൊവിഡ് ഒപിയില്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കൊവിഡ് ഒപിയില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും തന്റെ പേര് വിളിച്ചില്ലെന്നും അതിനാല്‍ തിരികെ പോരേണ്ടി വന്നെന്നും സനല്‍കുമാര്‍ പറയുന്നു. കേരളം കൊവിഡിനെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ നല്ല മതിപ്പാണെന്നും എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ലെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അഞ്ചു ദിവസമായി കടുത്ത പനിയും ശരീര വേദനയും. ആദ്യം രണ്ടുദിവസം നോക്കിയിട്ട് ദിശയില്‍ അറിയിക്കാമെന്ന് കരുതി. ചുക്കുകാപ്പിയും മറ്റു നാട്ടുമരുന്നുകളും കഴിച്ചപ്പോള്‍ ആദ്യ രണ്ടുദിവസം കൊണ്ട് പനി പൂര്‍ണമായും മാറി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അത് വീണ്ടും വന്നു. ഇത്തവണ കടുത്ത ശരീരവേദനയും ക്ഷീണവും ചെറിയ തലവേദനയും. എന്തായാലും ദിശയില്‍ വിളിച്ചറിയിക്കാമെന്ന് കരുതി വിളിച്ചു. ട്രാവല്‍ ഹിസ്റ്ററിയുണ്ടോ എന്ന് അവര്‍ ചോദിച്ചു. എനിക്ക് ഇടയ്ക്കൊരു ദിവസം ഓട്ടോറിക്ഷയില്‍ യാത്രചെയ്യേണ്ടിവന്നിരുന്നു. അതിന്റെ പേരില്‍ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ കുഴപ്പമില്ല. സഞ്ജീവനിയില്‍ കയറി ഡോക്ടറെ കാണാന്‍ പറഞ്ഞു. ഡോക്ടര്‍ വൈറല്‍ ഫീവറിനുള്ള മരുന്നു തന്നു. ദിശയില്‍ വീണ്ടും വിളിച്ച് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞതായി പറയാനും പറഞ്ഞു. വീണ്ടും ദിശയില്‍ വിളിച്ചു. വീണ്ടും പഴയ ചോദ്യങ്ങള്‍. ട്രാവല്‍ ഹിസ്റ്ററി ഇല്ലെങ്കില്‍ കോവിഡ് അല്ല എന്ന് പറഞ്ഞു. എന്തായാലും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഫീവര്‍ ക്ലിനിക്കില്‍ പോകാന്‍ പറഞ്ഞു.
ഞാന്‍ നേരെ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ കോവിഡ് ഒപിയില്‍ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകള്‍ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാന്‍ തന്നെ അരമുക്കാല്‍ മണിക്കൂര്‍ എടുക്കുന്നു. എല്ലാവരും മാസ്‌ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാന്‍ മുട്ടുമ്‌ബോള്‍ മാസ്‌ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് 7 മണിക്ക് പോയ ഞാന്‍ 10 മണിവരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്‌ബോള്‍ അവര്‍ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്. പത്തേകാല്‍ ആയപ്പോള്‍ ഞാന്‍ എന്റെ ഊഴം എപ്പേഴായിരിക്കും എന്ന് ചോദിച്ചു. കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് എന്റെ പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടര്‍ നിസഹായതയോടെ പറഞ്ഞു. ‘7 മണിക്ക് വന്നിട്ടാണോ ചേട്ടാ?’ അപ്പോള്‍ അടുത്തിരിക്കുന്ന ഒരാള്‍ പറഞ്ഞു ‘ഞാന്‍ രണ്ടു മണിക്ക് വന്നതാണ്’. പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഒരു പക്ഷേ സാധാരണ വൈറല്‍ ഫീവര്‍ വല്ലതും ആണെങ്കില്‍ തന്നെ എട്ടും പത്തും മണിക്കൂര്‍ ഇത്രയധികം പനിയുള്ള ആളുകള്‍ക്കിടയില്‍ ഇരുന്നാല്‍ അസുഖം വന്നോളും. സ്റ്റാഫുകളുടെ കുറവും അവര്‍ക്ക് ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഒക്കെ മനസിലാക്കാവുന്നതേ ഉള്ളു. പക്ഷേ എന്തുകൊണ്ട് ഒരു ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിലൂടെയോ മറ്റോ ടൈം സ്ലോട്ട് കൊടുത്ത് രോഗികളുടെ കാത്തിരുപ്പ് സമയം ഒഴിവാക്കിക്കൂടാ. എനിക്ക് മനസിലാവുന്നില്ല. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം.
ഇന്ന് ചെറുതായി പനി കുറവുണ്ട്. പക്ഷേ തൊണ്ടവേദനയുണ്ട്. പ്രൈവറ്റ് ടെസ്റ്റിംഗ് സെന്ററുകള്‍ ഏതൊക്കെ എന്നന്വേഷിച്ചു. ഡിഡിആര്‍സിയില്‍ വിളിച്ചു. ഇന്ന് ഞായറാഴ്ച ആയതിനാല്‍ അവര്‍ മുടക്കമാണ്. നാളെ ചെല്ലാന്‍ പറഞ്ഞു.