ഇന്ന് ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. പോയ വര്‍ഷത്തില്‍ നാഗചൈതന്യയുമായുള്ള വിവാഹമോചന വാര്‍ത്തകളിലൂടെയാണ് സാമന്ത കാര്യമായും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരം തന്നെ ബാധിച്ച ഒരു അസുഖത്തെ കുറിച്ചും അതിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് താൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം പങ്കുവച്ചിരുന്നു.
പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ‘മയോസൈറ്റിസ്’ എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. പേശികളെ ബാധിക്കുന്ന രോഗമായതിനാല്‍ അധികവും ശരീരചലനങ്ങളെയാണ് ഇത് പ്രശ്നത്തിലാക്കുക.
ഇത്തരത്തില്‍ പലപ്പോഴും തനിക്ക് കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയുണ്ടായെന്നും വേദനാജനകമായ മാസങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും സാമന്ത അറിയിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള തന്‍റെ തന്നെ ഫോട്ടോയും സാമന്ത പങ്കുച്ചിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ഇതോടെ താരത്തിന് സൗഖ്യമാശംസിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് പിന്നാലെ രോഗത്തിന്‍റെ പേര് വച്ച് തന്നെ ബോഡിഷെയിമിംഗ് നടത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് സാമന്ത.ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ സാമന്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു വെരിഫൈഡ് ട്വിറ്റര്‍ പേജാണ് ബോഡിഷെയിമിംഗ് ചെയ്തിരിക്കുന്നത്.
അസുഖബാധിതയായതോടെ സാമന്തയുടെ ഭംഗിയും തിളക്കവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. സാമന്തയോട് സഹതാപം തോന്നുന്നു എന്നെല്ലാമായിരുന്നു ഇവര്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. സാമന്തയുടെ അസുഖത്തെ കുറിച്ചുള്ള വിവരങ്ങളും ഇതിനൊപ്പം ഇവര്‍ ചേര്‍ത്തിട്ടുണ്ട്.
ഇവര്‍ക്ക് മറ്റൊരു ട്വീറ്റിലൂടെയാണ് സാമന്ത മറുപടി നല്‍കിയിരിക്കുന്നത്.താൻ അനുഭവിച്ചത് പോലെ മാസങ്ങളോളം നീണ്ടുപോകുന്ന ചികിത്സകളും മരുന്നുമായുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാര്‍ത്ഥിക്കുന്നുവെന്നും നിങ്ങളുടെ ഭംഗിയും തിളക്കവും വര്‍ധിപ്പിക്കാൻ ഞാനിതാ അല്‍പം സ്നേഹം പകരുന്നു എന്നുമായിരുന്നു സാമന്തയുടെ മറുപടി.
നിരവധി പേരാണ് സാമന്തയുടെ ട്വീറ്റിന് പിന്തുണ അറിയിക്കുന്നത്. പ്രശസ്തരായവരെ ഇത്തരത്തില്‍ അപമാനിക്കാനുള്ള ശ്രമം പലപ്പോഴും ഉണ്ടാകുമെന്നും ഇങ്ങനെയുള്ള പ്രവണതകളോട് പ്രതികരിക്കാൻ പോലും പോകേണ്ടതില്ലെന്നും പലരും സാമന്തയോട് പറയുന്നു. എങ്കിലും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുന്നത് തന്നെയാണ് നല്ലതെന്നാണ് ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പ്രസവം, അസുഖങ്ങള്‍, വര്‍ക്കൗട്ടിലൂടെയോ ഡയറ്റിലൂടെയോ നേടുന്ന ട്രാൻസ്ഫോര്‍മേഷൻ എന്നിങ്ങനെയുള്ള ഘട്ടങ്ങളിലെല്ലാം താരങ്ങളുടെ ശരീരം സംബന്ധിച്ച് മോശമായ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. പലപ്പോഴും പല താരങ്ങളും ഇതിനെതിരെ പരസ്യമായി രംഗത്ത് വരാറുമുണ്ട്.
മയോസിറ്റിസ് എന്ന രോഗാവസ്ഥ കണ്ടെത്തിയതിന് പിന്നാലെ ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും നടി പിന്‍മാറുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തുവെന്നാണ് നേരത്തെ വാര്‍ത്ത വന്നത്. സാമന്തയുടെ ആരോഗ്യം കാരണം അവരെ ചില പ്രോജക്റ്റുകളിൽ നിന്ന് അവൾ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. യശോദ എന്ന ചിത്രത്തിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസില്‍ വലിയ പ്രകടനം നടത്തിയിരുന്നില്ല.
അതേ സമയം ശാകുന്തളം ഉടന്‍ റിലീസ് ചെയ്യും. അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം വാരിസിന്‍റെ നിര്‍മ്മാതാവാണ് ഇദ്ദേഹം.