ചെന്നൈ:തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. സമീപകാലത്ത് സാമന്ത അഭിനയിച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് തന്നെ ബാധിച്ചതെന്ന് സാമന്ത ആരാധകരെ അറിയിച്ചിരുന്നു.യശോദ എന്ന സിനിമയുടെ പ്രചാരണത്തിനിടെ രോഗത്തെക്കുറിച്ച് സാമന്ത വികാരാധീനയായി സംസാരിച്ചത് വലിയ ചർച്ചയായിരുന്നു.
ശാകുന്തളമാണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം തിയേറ്ററുകളിൽ തണുത്ത പ്രതികരണം നേടുന്ന സാഹചര്യത്തിൽ താരത്തിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് നിർമാതാവ് ചിട്ടിബാബു. സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്ന് ചിട്ടിബാബു ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമാ പ്രമോഷനിടെ കരഞ്ഞ് സാമന്ത മറ്റുള്ളവരുടെ അനുതാപം നേടാൻ ശ്രമിക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
”വിവാഹമോചനത്തിനു ശേഷം സാമന്ത പുഷ്പയിലെ ‘ഓ അണ്ടാവാ’ എന്ന ഐറ്റം സോങ് ചെയ്തത് ജീവിക്കാനുള്ള മാർഗത്തിനു വേണ്ടിയാണ്. താരപദവി നഷ്ടപ്പെട്ടതോടെ മുന്നിൽ വരുന്ന അവസരങ്ങളെല്ലാം അവർ സ്വീകരിക്കുകയാണ്. സൂപ്പർതാരം എന്ന നിലയിലുള്ള സാമന്തയുടെ കരിയർ അവസാനിച്ചു. ഇനി തിരിച്ചെത്താൻ കഴിയുകയില്ല. ലഭിക്കുന്ന അവസരങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകാമെന്നല്ലാതെ മറ്റു വഴികളില്ല.
യശോദ സിനിമയുടെ പ്രമോഷനിടയിൽ സാമന്ത കരഞ്ഞ് ശ്രദ്ധ നേടൻ ശ്രമിച്ചു. അതിലൂടെ സിനിമ ഹിറ്റാക്കാൻ നോക്കുകയാണ് ചെയ്തത്. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് അവർ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായാണ് പറഞ്ഞത്. എല്ലാ സമയത്തും സഹതാപം പിടിച്ചുപറ്റാൻ സാധിക്കില്ല. സിനിമ നല്ലതാണെങ്കിൽ ജനങ്ങൾ കാണും. സൂപ്പർതാര പദവി ഇല്ലാത്ത സാമന്തയ്ക്ക് ശാകുന്തളത്തിലെ കഥാപാത്രം എങ്ങനെ ലഭിച്ചെന്ന് മനസ്സിലാകുന്നില്ല.
സാമന്തയുടെ പ്രവർത്തി കൃത്രിമമാണ്. കഥാപാത്രത്തിനു വേണ്ടി നടീനടന്മാർ നടത്തുന്ന തയ്യാറെടുപ്പുകളെ അവർ വലുതാക്കി പറയുകയാണ് ചെയ്തത്. അവരുടെ എല്ലാ പ്രശ്നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. അത് ശരിയല്ല. കഠിനാധ്വാനം ചെയ്യുക എന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ്. കഠിനാധ്വാനം ചെയ്ത നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണ്”- ചിട്ടി ബാബു പറഞ്ഞു
നിർമാതാവിനെതിരേ രൂക്ഷ വിമർശനവുമായി ഒട്ടേറെ പേർ രംഗത്ത് വന്നു. തെന്നിന്ത്യയിൽ ഏറ്റവും താരപദവിയുള്ള നായികയാണ് സാമന്തയെന്നും ചിട്ടി ബാബു എന്ത് ഉദ്ദേശിച്ചാണ് അവർക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വിമർശകർ ചോദിക്കുന്നു.
രാജ്-ഡികെ സംവിധാനം ചെയ്യുന്ന സിറ്റാഡൽ എന്ന സീരീസിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തിയ ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പാണിത്.