‘ലഹരി വിരുദ്ധ കേന്ദ്രം ഉടന്‍ തന്നെ പൂട്ടിപ്പോകണം’; ആരും ഞെട്ടണ്ട, അങ്ങനെ തന്നെയാണ് പറഞ്ഞത്; ലഹരി വിരുദ്ധ ക്യാംപയിന്‍ ഉദ്ഘാനം ചെയ്യാനെത്തിയ സലീം കുമാര്‍
കണ്ണൂര്‍: ‘ഐ.ആര്‍.പി.സിയുടെ ലഹരി വിമുക്തകേന്ദ്രം ഉടന്‍ തന്നെ പൂട്ടിപ്പോകണം…’മൈക്കിന് മുന്നില്‍ നിന്ന് നടന്‍ സലീം കുമാര്‍ പറഞ്ഞതുകേട്ട് സദസ് ആദ്യം ഒന്നു ഞെട്ടി. സലിം കുമാര്‍ തുടര്‍ന്നു ‘ആരും ഞെട്ടണ്ട അങ്ങനെ തന്നെയാണ് പറഞ്ഞത്. ലഹരിവിരുദ്ധ കേന്ദ്രം പൂട്ടുകയെന്നാല്‍ ഇവിടെ ലഹരി ഉപയോഗിക്കുന്നവര്‍ ഇല്ല എന്നല്ലേ അര്‍ത്ഥം’. സദസില്‍ കുറച്ച് നേരം പൊട്ടിച്ചിരി പടര്‍ന്നു. കണ്ണൂരില്‍ ഐആര്‍പിസിയുടെ ലഹരിവിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സലീം കുമാര്‍.
കാലം ഒരുപാട് മാറി. നമ്മുടെ കുട്ടികളെ അല്‍പമൊന്ന് ശ്രദ്ധിക്കാന്‍ നാം തയ്യാറാവണം. മകന്‍ അടുത്തുവരുമ്പോള്‍ അതിരൂക്ഷമായി പശ മണക്കുന്നുണ്ടെങ്കില്‍ ഒന്നു ശ്രദ്ധിക്കണം. മഹാന്മാരുടെ ചിത്രമുള്ള സ്റ്റാമ്പ് ശേഖരിച്ച് പുസ്തകത്തിലൊട്ടിക്കുന്ന കാലമൊക്കെ പോയി. ഇപ്പോള്‍ നാക്കിലാണ് ഒട്ടിക്കുന്നത്. അതുകൊണ്ട് ഏത് നിമിഷവും നമ്മള്‍ കരുതിയിരിക്കണം. ആര് ചെയ്താലും എന്റെ മകന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് നമ്മളൊക്കെ. എന്നാല്‍ സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും സലീം കുമാര്‍ പറഞ്ഞു.
കണ്ണൂരുകാര്‍ ഏറെ നന്മയുള്ളവരാണ്. മഹാരാജാസ് കൊളേജില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഒരു അലമാര കമ്പനിയുടെ പ്രതിനിധായായി ജോലി ചെയ്തത് തളിപ്പറമ്പിലാണ്. ഉത്പന്നം വീടുകളിലെത്തിക്കുന്നത് ഉച്ചസമയത്താണെങ്കില്‍ അപരിചിതത്വമൊന്നും കാണിക്കാതെ വീട്ടുകാര്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുമായിരുന്നു. അത്രയും സ്നേഹവും കരുതലുമാണ് കണ്ണൂരുകാര്‍ക്കെന്നും സലീം കുമാര്‍ പറഞ്ഞു.