തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ശമ്പള വിതരണം വൈകുമെന്നു സൂചന. കോടതി വിധി വന്ന സാഹചര്യത്തില്‍ പുതിയ ശമ്പള ബില്ലുകള്‍ തയാറാക്കേണ്ടതിനാല്‍ മേയ് നാലു മുതലേ ശമ്പളം വിതരണം ചെയ്യൂ എന്നാണ് അറിയുന്നത്.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണു ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടു മാസത്തേക്കാണ് സ്റ്റേ. ജീവനക്കാരും സംഘടനകളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.