<p>തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കേരളത്തില്‍ ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണമായി നല്‍കുന്നില്ല. സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധിതരാകുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.</p>
<p>ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവര്‍ക്കാണ് ആദ്യപരിഗണന. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകും.</p>
<p>ഇപ്പോള്‍ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാര്‍ത്ത സാലറി ചലഞ്ച് നിര്‍ബന്ധമാക്കുമെന്നാണ്. കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യന്‍ എക്‌സ്പ്രസില്‍ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി.</p>
<p>മാര്‍ച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുള്ള നികുതി പൂര്‍ണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതില്‍ ഇളവും നല്‍കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഏപ്രില്‍ മാസത്തില്‍ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വില്‍പ്പനയുള്ളൂ. അവയുടെ മേല്‍ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.</p>