റാഞ്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ 14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റീനിലാക്കി.
യുപിയിലെ ഉന്നാവില്‍ നിന്നും ജാര്‍ഖണ്ഡിലെ ഗിരിധീഹില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്. അദ്ദേഹം സന്ദര്‍ശിച്ച ശാന്തി ഭവന്‍ ആശ്രമത്തിലാണ് 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടത്.
പരിപാടി കഴിഞ്ഞ് ധന്‍ബാദ് വഴി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ മടങ്ങാനിരുന്നതായിരുന്നു മഹാരാജ്. വഴിമധ്യേ പിര്‍ടാന്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് ജില്ല ഭരണാധികാരികള്‍ തടഞ്ഞ ശേഷം ക്വാറന്റീനിലേക്ക് അയക്കുകയായിരുന്നൂവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ സിന്‍ഹ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശനത്തെ പറ്റി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി എംപി തന്നെ രംഗത്തെത്തി. മുന്‍കൂറായി അറിയിച്ച് മാതാവിനെ കാണാനായി എത്തിയതാണെന്നും 14 ദിവസത്തെ ക്വാറന്റീനെ പറ്റി പറഞ്ഞിരുന്നെങ്കില്‍ താന്‍ ജാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ എത്തില്ലായിരുന്നുവെന്നും മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മഹാരാജ് ആരോപിച്ചു.