വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ആന്ധ്രയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 272 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇപ്പോള്‍ 37 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 80 റണ്‍സോടെ അക്ഷയ് ചന്ദ്രനും ഒരു റണ്ണുമായി സല്‍മാന്‍ നിസാറുമാണ് ക്രീസില്‍.
രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത കേരളത്തിന് മൂന്നാം ദിനം സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് നഷ്ടമായത്. 87 റണ്‍സെടുത്ത് ക്രീസില്‍ നിന്നിരുന്ന സച്ചിന്‍ 113 റണ്‍സെടുത്ത് പുറത്തായി. മനീഷ് ഗോല്‍മാരുവിന്‍റെ പന്തില്‍ സച്ചിനെ കെ നിതീഷ് കുമാര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
സെഞ്ചുറി നേടിയതോടെ സച്ചിന്‍ ബേബി രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും നാല് ഫിഫ്റ്റിയും അടക്കം 822 റണ്‍സാണ് ഈ സീസണില്‍ സച്ചിന്‍ അടിച്ചെടുത്തത്. 860 റണ്‍സടിച്ച റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന് മുന്നിലുള്ള ഏക താരം.
ഇന്നലെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ജലജ് സക്‌സേനയെ (4) കേരളത്തിന് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍ (61) – കൃഷ്ണ പ്രസാദ് (43) സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്ത് കേരളത്തിന് മികച്ച അടിത്തറയിട്ടു. 28ാം ഓവറില്‍ ടീം സ്‌കോര്‍ 94ല്‍ നില്‍ക്കെ പ്രസാദ് പുറത്തായതിന് പിന്നാലെ രോഹനും മടങ്ങി. എന്നാല്‍ സച്ചിന്‍- അക്ഷയ് സഖ്യം മികച്ച രീതിയില്‍ കേരളത്തെ നയിക്കുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും ഇതുവരെ 124 റണ്‍സാണ് കൂട്ടിചേര്‍ത്തത്.