സഭാ തര്‍ക്കത്തില്‍ കുരുങ്ങി വീണ്ടും മൃതദേഹം,92 കാരിയുടെ മൃതദേഹം 5 ദിവസമായി മോര്‍ച്ചറിയില്‍
ആലപ്പുഴ : യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൃതദേഹത്തോട് വീണ്ടും അനാദരവ്.സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഫലമായി യാക്കോബായ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍. കട്ടച്ചിറ കിഴക്കേവീട്ടില്‍ പരേതനായ രാജന്റെ ഭാര്യ മറിയാമ്മയുടെ (92) മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മറിയാമ മരിച്ചത്. ഭര്‍ത്താവ് രാജന്റെ കല്ലറയില്‍ തന്നെ സംസ്‌ക്കരിക്കണമെന്നാണ് ബന്ധുക്കളുടേയും യാക്കോബായ വിഭാഗത്തിന്റേയും ആവശ്യം.
ഓര്‍ത്തഡോക്സ് വൈദികരുടെ കാര്‍മികത്വത്തില്‍ കുടുംബകല്ലറയില്‍ സംസ്‌കാരം നടത്തികൊടുക്കാമെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. ഇപ്പോള്‍ പള്ളിയും സെമിത്തേരിയും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അധീനതയിലാണ്.ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് എഡിഎമ്മുമായും കളക്ടറുമായും ചര്‍ച്ച നടന്നിരു ന്നെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലപാട് കടുപ്പിച്ചതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു.