ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് മൂന്നു ലക്ഷത്തോളം പേര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ശനിയാഴ്ച മാത്രമാണ് സന്നിധാനത്ത് ചെറിയ തിരക്കെങ്കിലും ഉണ്ടായത്.
കൊവിഡ് നിയന്ത്രണം വന്നശേഷം എട്ടുമാസത്തിനിടെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിയ ദിവസവും ശനിയാഴ്ചയാണ്. ശനിയാഴ്ച 1,959 പേര്‍ ദര്‍ശനം നടത്തി. ഞായറാഴ്ചയും തിരക്ക് ഉണ്ടായിരുന്നു. ഉച്ചവരെ 1,573 പേര്‍ ദര്‍ശനം നടത്തി. തീര്‍ഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചു. കഴിഞ്ഞ വര്‍ഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നത് ഇപ്പോള്‍ പത്ത് ലക്ഷം രൂപയില്‍ത്താഴെ മാത്രം.
സാധാരണദിവസം 1,000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2,000 പേര്‍ക്കുമാണ് ദര്‍ശനാനുമതി. തിങ്കള്‍ മുതല്‍ വെള്ളി വരെ 950 മുതല്‍ 1050 പേരാണ് ദിവസവും വന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000-ത്തിന് അടുത്തും.