തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. വിധി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ കേരള സര്‍ക്കാരും ഇതിനെതിരെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധങ്ങളും സംസ്ഥാനത്തുണ്ടാക്കിയ നാടകീയ സംഭവങ്ങളുടെ അലയൊലികള്‍ക്ക് ഇന്നും അവസാനമായിട്ടില്ല. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. വിധിക്കെതിരെ സമര്‍പ്പിച്ച അറുപത്തിയഞ്ചോളം ഹര്‍ജികളിലെ തീരുമാനത്തിന് കാതോര്‍ത്തിരിക്കുകയാണ് രാജ്യം.
പന്ത്രണ്ടുവര്‍ഷത്തെ സംഭവബഹുലമായ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ശബരിമലക്കേസില്‍ സുപ്രിംകോടതി വിധിപറഞ്ഞത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിന്‍ബലമേകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്ന് ബി വകുപ്പ് ചരിത്രവിധിയിലൂടെ കോടതി റദ്ദാക്കി. ഈ ആവശ്യവുമായി 2006ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയാണ് സുപ്രിംകോടതിയെ സമീപിച്ചത്. അന്നത്തെ ഇടതുസര്‍ക്കാര്‍ ഇതിന് അനുകൂലമായി സത്യവാങ്മൂലവും നല്‍കി. എന്നാല്‍ 2016ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിനുമുമ്പാകെ കേസെത്തിയപ്പോള്‍ അധികാരത്തിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തി.
ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യമില്ലെന്നും തല്‍സ്ഥിതി തുടരണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പിന്നീട്, കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരായിരുന്നു അധികാരത്തില്‍. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണ് തങ്ങള്‍ക്കെന്ന് ഇടതുസര്‍ക്കാര്‍ അറിയിച്ചു.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതോടെ സമാനതകള്‍ ഇല്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. ആരാധന മന്ത്രമായ നാമജപം മുദ്രാവാക്യമായതോടെ അയ്യപ്പന്റെ സന്നിധാനം സമരമുഖമായി. ഇതിനിടെ കനക ദുര്‍ഗ, ബിന്ദു അമ്മിണി എന്നീ യുവതികള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് ആഗോള ശ്രദ്ധ നേടി. ലക്ഷകണക്കിന് വനിതകളെ പങ്കെടുപ്പിച്ച് കേരളമെങ്ങും വനിതാ മതില്‍ തീര്‍ത്തതും ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ ഇതിനോടകം അറുപത്തിയഞ്ചോളം പരാതികളാണ് വിധിക്കെതിരെ സുപ്രീംകോടതിയിലെത്തിയത്. ഈ ഹര്‍ജികളില്‍ നവംബറോടെ വിധി പറയുമെന്നാണ് പ്രതീക്ഷ.