പത്തനംതിട്ട : ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ എത്തിയ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യേണ്ടത് പൊലീസാണെന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയില്‍ ഈ വര്‍ഷം തീര്‍ത്ഥാടനം ആരംഭിച്ചപ്പോള്‍ മുതല്‍ ശാന്തമായ അന്തരീക്ഷമാണ്. ധാരാളം ഭക്തജനങ്ങള്‍ ഇത്തവണ എത്തുന്നുണ്ട്. ശബരിമലയില്‍ എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം