തിരുവനന്തപുരം: ശബരിമലയിലെ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരപരാധികളായ ആളുകൾക്കും ദർശനത്തിനായി എത്തിയ ആളുകൾക്കും എതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിൽ സർക്കാർ നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണ്. ക്രിമിനൽ സ്വഭാവമുള്ളത് സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കും.
എന്നാൽ വിശ്വാസ കാര്യത്തിൽ സർക്കാർ ആത്മാർത്ഥമായ ഒരു തീരുമാനം ഇത് വരെ സർക്കാർ എടുത്തിട്ടില്ല. ശബരിമല വിഷയത്തിൽ സർക്കാർ എതിർ കക്ഷി തന്നെയാണ്. വിശ്വാസം കേസ് പിൻവലിക്കാനുള്ള തീരുമാനം കൊണ്ട് സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിശ്വാസികളെ ഒപ്പം നിർത്തുകയെന്നത് പരിഗണിച്ചാണ് നിർണായക തീരുമാനം സർക്കാർ സർക്കാർ സ്വീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേ സമയം ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ ഒരു പോലെ പരിഗണിക്കാനുള്ള തീരുമാനത്തോട് യോജിക്കാൻ സാധിക്കില്ലെന്നും ശബരിമലയിൽ ഒരു ക്രിമിനൽ ആക്രമണവും വിശ്വാസികൾ നടത്തിയിട്ടില്ലെന്നും ക്രമിനൽ കുറ്റമല്ലെന്നും എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നിവർത്തിയില്ലാതെ സർക്കാരിന് എടുക്കേണ്ടി വന്ന തീരുമാനമാണിതെന്ന് കരുതുന്നതായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു.