ശബരിമല: മണ്ഡലപൂജയുടെ തലേ ദിവസമായ ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാവിലെ 7.30 മുതല്‍ 11.30 വരെ ആണ് ക്ഷേത്രനട അടച്ചിടുക. ആ ദിവസമുള്ള മറ്റ് പൂജകള്‍ നടതുറന്നതിന് ശേഷം നടത്തും. നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസര്‍ അനുമതി നല്‍കുകയായിരുന്നു.
ഗ്രഹണസമയത്ത് നട തുറക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. 26ന് രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. അതിനാല്‍ രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല നട അടച്ചിടുക. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ക്ക് ശേഷം അടക്കുന്ന നട പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് തുറക്കുകയെന്ന് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.