ശരണ മുഖരിതമായി ശബരിമല; നട തുറന്നു
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിച്ചു. ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതിന് ശേഷമാണ് നടതുറന്നത്. 41 നാള്‍ നീളുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി.
പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയില്‍ തീ പകര്‍ന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിന് കാത്തു നില്‍ക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കുകയുള്ളൂ. അല്‍പസമയത്തിനകം ശബരിമല, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരൂര്‍ തിരുനാവായ അരീക്കര മനയില്‍ എ.കെ. സുധീര്‍ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. ശേഷം ശ്രീകോവിലിനുള്ളില്‍ അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്നു നല്‍കും.
മാളികപ്പുറം മേല്‍ശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയില്‍ എം.എസ്. പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രത്തിനു മുന്നില്‍ ഇരുത്തി അഭിഷേക ചടങ്ങുകള്‍ ചെയ്തു സ്ഥാനാരോഹണം നടത്തും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ തീര്‍ഥാടനകാലത്ത് ശബരിമലയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. മണ്ഡലകാലത്തിനു സമാപനം കുറിച്ച് ഡിസംബര്‍ 27 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ. മകരവിളക്കിനായി ഡിസംബര്‍ 30നു നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.