KeralaNewsPolitics

സസ്പെൻഷൻ പിൻവലിയ്ക്കണം,പാർട്ടിയ്ക്ക് അപ്പീൽ നൽകി എസ്.രാജേന്ദ്രൻ

ഇടുക്കി: തനിക്കെതിരെ പാർട്ടി എടുത്ത അച്ചടക്ക നടപടിക്ക് (disciplinary action)എതിരെ എസ് രാജേന്ദ്രൻ (s rajendran)അപ്പിൽ (appeal)നൽകി.സി പി എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ നൽകിയത്.തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് കാണിച്ചാണ് അപ്പീൽ നൽകിയത്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും ദ്യശ്യങ്ങളും രാജേന്ദ്രൻ കൈമാറിയിട്ടുണ്ട് .പാർട്ടി നടപടിക്ക് എതിരെ അപ്പീൽ പോകില്ലെന്ന നിലപാടിലായിരുന്നു നേരത്തെ എസ്. രാജേന്ദ്രൻ.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്.രാജേന്ദ്രനെ സി പി എം ഒരു വർഷത്തേക്ക് സസ്പെൻഡ്‌ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർത്ഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നു  രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്.  മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ മനപ്പൂർവ്വം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായി. 

പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയത്.

ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവ‍ർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്‍റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയത്. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോലും എസ് രാജേന്ദ്രൻ തയ്യാറായിരുന്നില്ല. ഇതിൽ നിന്ന് കൂടി വിട്ടു നിന്നതോടെ പുറത്തേക്കുള്ള പാത രാജേന്ദ്രൻ തന്നെ വെട്ടിയ സ്ഥിതിയായിരുന്നു.

ജില്ലാ സമ്മേളനം കഴിഞ്ഞപ്പോൾ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ എസ് രാജേന്ദ്രൻ ഉൾപ്പടെ എട്ട് പേരെ ഒഴിവാക്കിയിരുന്നു. എന്നാൽ താൻ എന്തുകൊണ്ട് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തില്ല എന്ന് വിശദീകരിച്ച് എസ് രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.

തന്നെ അപമാനിച്ച് പുറത്താക്കാൻ ചില നേതാക്കൾ ശ്രമിച്ചെന്നാണ് കത്തിൽ എസ് രാജേന്ദ്രൻ ആരോപിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണി തന്നെ വളരെ മോശം ഭാഷയിൽ അപമാനിച്ചുവെന്നും എസ് രാജേന്ദ്രൻ കത്തിൽ പറയുന്നു. മൂന്നാറിൽ നിന്നുള്ള നേതാക്കളായ കെ വി ശശി, എം വി ശശികുമാര്‍, കെ കെ വിജയൻ എന്നിവര്‍ക്കെതിരെയാണ് പരാതി. കുടുംബത്തെ നോക്കി വീട്ടിൽ ഇരുന്നോണമെന്ന് എം എം മണി പരസ്യമായി പറഞ്ഞു. സമ്മേളനങ്ങളിലും അവഹേളനം തുടരുമെന്ന് അറിയാവുന്നത് കൊണ്ടാണ് മാറിനിന്നതെന്ന് എസ് രാജേന്ദ്രൻ പറയുന്നു. പാര്‍ട്ടിയിൽ സാധാരണ അംഗമായി തുടരാൻ അനുവദിക്കണമെന്നും എസ് രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപേക്ഷ അംഗീകരിക്കാതെയാണ് എസ് രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്ക് പുറത്താക്കിയത്.

അതേസമയം, രാഷ്ട്രീയ പ്രവർത്തനം പൂർണമായും നിർത്തിയെന്ന് എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു. എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ല. മറ്റൊരു പാർട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ല. വേറെ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവർ പോകട്ടെ എന്നും രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങൾ കൂടുതലും നടത്തിയതെന്നും പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button