ന്യൂഡൽഹി: ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് ഇല്ലെന്നും സിപിഎമ്മിൽ നിൽക്കാൻ തന്നെയാണ് തീരുമാനമെന്ന് എസ് രാജേന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ വച്ച് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജേന്ദ്രൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
‘പ്രകാശ് ജാവദേക്കറുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. മുമ്പേ ജാവദേക്കറുമായി സൗഹൃദമുണ്ട്. ബിജെപി പ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല. ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പം തന്നെയാണ്. ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ പോകുന്നില്ല. സിപിഎമ്മിനൊപ്പം നിൽക്കാൻ തന്നെയാണ് തീരുമാനം’- എസ് രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ചും രാജേന്ദ്രൻ തുറന്നുപറഞ്ഞു. ‘പാർട്ടിയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. ഇപ്പോൾ പാർട്ടിയിൽ അത്ര സജീവമല്ല’- രാജേന്ദ്രൻ വ്യക്തമാക്കി.
രാജേന്ദ്രൻ പാർട്ടി വിടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് വ്യക്തമാക്കി. എസ് രാജേന്ദ്രൻ ജാവദേക്കറെ കണ്ടതിന് വേറെ മാനങ്ങൾ നൽകേണ്ടതില്ല. വ്യക്തിപരമായി ഒരാളെ കാണുന്നതിൽ സിപിഎമ്മിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം. സ്ഥാനാർത്ഥിയായിരുന്ന എ രാജക്കെതിരെ പ്രവർത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിൽ രാജേന്ദ്രന് വിഷമമുമുണ്ടായിരുന്നു.
സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ തങ്ങളുടെ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ച് ബിജെപി നേതാവും, ബിജെപിയുടെ കേരളത്തിലെ സംഘടന ചുതലയുള്ള നേതാവുമായ പ്രകാശ് ജാവദേക്കര്‍.
എസ് രാജേന്ദ്രൻ താനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്നുമാണ് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും പ്രകാശ് ജാവദേക്കര്‍.
ദില്ലിയിലെത്തിയാണ് എസ് രാജേന്ദ്രൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസം മുമ്പ് എംഎം മണിയടക്കമുള്ള സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം എസ് രാജേന്ദ്രൻ ദേവികുളത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പങ്കെടുത്തിരുന്നു. അതോടെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി അവസാനമുണ്ടായി.
എന്നാല്‍ ഈ കൺവെൻഷന് ശേഷമാണ് എസ് രാജേന്ദ്രൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. പ്രാദേശികമായി താക്കോല്‍ സ്ഥാനം ലഭിക്കണം എന്ന ആവശ്യം എസ് രാജേന്ദ്രൻ സിപിഎമ്മില്‍ അവതരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാതിരുന്നതില്‍ ഇടുക്കിയില്‍ തന്നെയുള്ള ചില നേതാക്കളുടെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നും എസ് രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.