റഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പഞ്ചസാരയ്ക്ക് വേണ്ടി പിടിവലി. യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ പഞ്ചാരയുടെ വില കൂടുകയും സ്റ്റോക്ക് കുറയുകയും ചെയ്തതോടെയാണ് റഷ്യക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്നത്. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത് വിഡിയോയില്‍ കാണാം.
യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ സാമ്പത്തിക രംഗം തകര്‍ച്ച നേരിട്ടതിന് പിന്നാലെ രാജ്യത്തെ ചില കടകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരക്ക് പരിധി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. പഞ്ചസാരയുടെ വില 31 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.
എന്നാല്‍, പഞ്ചസാരക്ക് ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒപ്പം പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.