മോസ്‌കോ : ഉക്രൈയ്‌നില്‍ ആക്രമണം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുളളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെ അഞ്ച് ഉക്രൈയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ സ്ഥിരീകരണം. തങ്ങളുടെ അതിര്‍ത്തി അതിക്രമിച്ച് കടന്ന വിഘടനവാദികളായ അഞ്ച് പേരെ വധിച്ചുവെന്നാണ് റഷ്യയുടെ വാദം. ഇതൊരു യുദ്ധമായി മാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
റഷ്യയിലെ റോസ്‌തോവ് മേഖലയിലെ ഗ്രാമത്തിനു സമീപമാണ് ഉക്രൈയിനിലെ അഞ്ച് സൈനികരെ വധിച്ചതെന്ന് റഷ്യന്‍ സൈനിക മേധാവി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
അതേസമയം, ഉക്രൈയ്‌നിന്റെ അതിര്‍ത്തിയില്‍ ജനുവരി 30ന് 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍, ഉക്രൈയ്‌നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ പറഞ്ഞിരുന്നത്. അതിന് വിപരീതമായാണ് അഞ്ച് ഉക്രൈയ്ന്‍ സൈനികരെ വധിച്ചുവെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്തെത്തിയത്.
യുക്രെയ്നിലെ 2 വിമത മേഖലകളെ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനം ഉടനെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇവയെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യ അംഗീകരിച്ചാൽ യുക്രെയ്നിലെ സംഘർഷാന്തരീക്ഷത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണു വിലയിരുത്തൽ.
റഷ്യൻ സുരക്ഷാ സമിതിയിലെ നിർണായക കൂടിക്കാഴ്ചയിൽ, മുതിർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ടതിനു ശേഷമായിരുന്നു പുടിന്റെ പ്രതികരണം. ഡോണെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളെ സ്വതന്ത്രമായതായി റഷ്യ പ്രഖ്യാപിക്കേണ്ട സമയം ആഗതമായതായി സുരക്ഷാ കൗൺസിൽ ജീവനക്കാർ പുടിനോടു പറഞ്ഞു.
‘നിങ്ങളുടെ അഭിപ്രായം ഞാൻ കേട്ടു. തീരുമാനം ഉടൻ ഉണ്ടാകും’– 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുടിൻ പറഞ്ഞു. കൂടിക്കാഴ്ച റഷ്യൻ സർക്കാർ ടിവി ചാനലിലും സംപ്രേഷണം ചെയ്തു.