കീവ്: റഷ്യൻ സൈന്യം (Russia force) യുക്രെയ്ൻ (Ukraine) തലസ്ഥാന പ്രവിശ്യയായ കീവിൽ കടന്നു. കീവിലെ വടക്കൻ ജില്ലകളിലാണ് റഷ്യൻ സൈന്യം എത്തിയത്. ഹെലികോപ്റ്റർ ഉപയോഗിച്ചു സൈനികർ നഗരത്തിന് പുറത്ത് എത്തുകയും ഒബോലോൺസ്കിക്ക് സമീപമുള്ള ഒരു എയർഫീൽഡ് ആക്രമിക്കുകയും ചെയ്തു. അതേസമയം. ഗോസ്റ്റോമൽ വ്യോമതാവളത്തിന് നേരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ സാധിച്ചെന്ന് യുക്രേനിയൻ സൈന്യം അവകാശപ്പെടുന്നു,
റഷ്യയുമായി ഒത്തുതീർപ്പിന് തയ്യാറാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. എന്നാൽ അതിന് സുരക്ഷാ ഉറപ്പ് ലഭിക്കണം. “ഈ യുദ്ധം അവസാനിപ്പിക്കണം. ഈ ശത്രുത അവസാനിപ്പിക്കണം, യുക്രെയ്ൻ പുടിനുമായി ഒത്തുതീർപ്പിന് തയ്യാറാണ് ”- യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേശകൻ മിഖായേൽ പോഡോലിയാക് പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച യുക്രേനിയൻ തലസ്ഥാനമായ കീവിന്റെ വടക്കൻ ജില്ലയിൽ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം ആക്രമണം തുടങ്ങിയതോടെ കാൽനടയാത്രക്കാർ ഓടിരക്ഷപെടുകയായിരുന്നു. ഒബോലോൺസ്കി പ്രദേശത്ത് ചെറിയതോതിൽ വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടു. വ്യാഴാഴ്ചയാണ് റഷ്യൻ സൈന്യം ആദ്യമായി കീവിന്റെ പ്രാന്തപ്രദേശത്ത് എത്തിയത്, എന്നാൽ റഷ്യൻ കരസേനയും ബെലാറസിൽ നിന്ന് ഡൈനിപ്പർ നദിയുടെ പടിഞ്ഞാറൻ കരയിലേക്ക് മാറി. അവർ നഗരത്തിനുള്ളിലെ ഒബോലോൺസ്കിയിൽ എത്തിയപ്പോൾ പ്രതിരോധ മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജ് വഴി സർക്കാർ സാധാരണക്കാരോട് ചെറുത്തുനിൽക്കാൻ അഭ്യർത്ഥിച്ചു.
യുക്രേനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രകാരം റഷ്യൻ സൈന്യം തലസ്ഥാനമായ കീവിലെ ഒബോലോൺ ജില്ലയിൽ പ്രവേശിച്ചു, അതേസമയം സൈനിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റിൽ അഭ്യർത്ഥിച്ചു. യുക്രെയ്നിലെ സായുധ സേനയിൽ ചേരാൻ അവിടുത്തെ പ്രതിരോധ മന്ത്രാലയം തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. “വിജയം നമ്മെ ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു! ഉക്രെയ്നിലെ പ്രതിരോധ സേനയിൽ ചേരൂ! നമ്മൾ നമ്മുടെ ഭൂമി, നമ്മുടെ സ്വാതന്ത്ര്യം, നമ്മുടെ ജീവിതം എന്നിവയെ ഒരുമിച്ച് സംരക്ഷിക്കും! ”-യുക്രേനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റിൽ പറഞ്ഞു.
യുക്രെയ്നിലെ ഇന്ത്യക്കാർക്കായി രക്ഷാദൌത്യത്തിനുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പുലർച്ചെ അയയ്ക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഈ ഒഴിപ്പിക്കലിനുള്ള ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ ചെർണോബിൽ ആണവനിലയത്തിൽ ചില തകരാറുകൾ മൂലമുണ്ടാകുന്ന വികിരണം വർധിച്ചതായും ആണവ സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും യുക്രെയ്നിന്റെ ആണവ ഏജൻസി പറഞ്ഞതായി BNO ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടണുമായി ബന്ധമുള്ള വിമാനങ്ങളെ വ്യോമാതിർത്തിയിൽ കടക്കുന്നതിന് റഷ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.