കീവ്: യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം രൂക്ഷമാവുകയാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ആക്രമണം രൂക്ഷമാകുന്നത്.
ബ്രോവറിയില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തുന്നുണ്ട്. ബെലാറൂസില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. റഷ്യ- യുക്രെയ്ന്‍ രണ്ടാം ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടായേക്കും.
യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. 5,20,000പേര്‍ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.
അതേസമയം, യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് അതിര്‍ത്തി രാജ്യങ്ങളിലേക്കെത്തും. കൂടുതല്‍ വിദ്യാര്‍ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.