സോഫിയ/ വാഴ്‌സ• യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന റഷ്യൻ ഭീഷണിക്കു പിന്നാലെ തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തി വയ്ക്കുകയാണെന്ന ആരോപണവുമായി പോളണ്ടും ബൾഗേറിയയും. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ ഭീമനായ ഗാസ്പ്രോം ബുധനാഴ്ച മുതൽ പാചകവാതക വിതരണം നിർത്തി വയ്ക്കുകയാണെന്ന് അറിയിച്ചതായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ അറിയിച്ചു. റൂബിളിൽ പണമടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റഷ്യൻ നടപടി. റഷ്യൻ കറൻസിയായ റൂബിളിനെ തറ പറ്റിച്ച പാശ്ചാത്യ ഉപരോധത്തിനു പ്രതിവിധിയെന്ന നിലയിലാണ് റൂബിളിൽ പണമടച്ചാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകൂവെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനം.
പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ അതേ രാജ്യങ്ങളെ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയാണു റഷ്യയുടെ തന്ത്രം. എണ്ണ, പ്രകൃതി വാതക വില റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർധിക്കും; ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയർത്തും. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാനാണു റഷ്യയുടെ ശ്രമം.
പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ അതേ രാജ്യങ്ങളെ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയാണു റഷ്യയുടെ തന്ത്രം. എണ്ണ, പ്രകൃതി വാതക വില റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർധിക്കും; ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയർത്തും. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാനാണു റഷ്യയുടെ ശ്രമം.
കൂടുതൽ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതകം വിതരണം റഷ്യ അവസാനിപ്പിച്ചാൽ ഗുരുതര പ്രതിസന്ധിയാകും യുറോപ്പ് നേരിടേണ്ടി വരിക. ഏപ്രിൽ 27 മുതൽ പ്രകൃതി വാതക വിതരണം നിർത്തി വയ്ക്കുന്നതായി ബൾഗേറിയയ്ക്ക് ഏപ്രിൽ 26 നാണ് അറിയിപ്പു ലഭിച്ചത്. റഷ്യൻ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ബദൽ മാർഗങ്ങൾ തേടാനും പോളണ്ട് നേരത്തേ ശ്രമങ്ങൾ തുടങ്ങിയിരുന്നു. റഷ്യൻ നടപടി പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും കാര്യമായി ബാധിക്കില്ലെന്നും വീടുകളിൽ പാചകവാതക ക്ഷാമമുണ്ടാകില്ലെന്നും കാലാവസ്ഥാ മന്ത്രി അന്ന മോസ്ക്വ ട്വീറ്റ് ചെയ്തു. എന്നാൽ 90 ശതമാനവും റഷ്യൻ ഇറക്കുമതിയെ ആശ്രയിക്കുന്ന ബൾഗേറിയയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണ് ഈ തീരുമാനം.
യുദ്ധത്തിൽ ഓരോ നിമിഷവും തകരുന്ന യുക്രെയ്‌നു സൈനിക സഹായം നൽകുന്നതിനായി യുഎസ് അടക്കമടുള്ള നിരവധി രാജ്യങ്ങൾ പ്രധാന മാർഗമായി ഉപയോഗിക്കുന്നത് പോളണ്ടിനെയാണ്. യുക്രെയ്‍നിൽ നിന്നുള്ള അഭയാർഥികളെ വൻ തോതിൽ സ്വീകരിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പോളണ്ടാണ്. നിരവധി ഉപരോധങ്ങളാണ് റഷ്യൻ കമ്പനികൾക്കും വ്യക്‌തികൾക്കുമെതിരെ പോളണ്ട് ചുമത്തിയിരിക്കുന്നത്. പോളണ്ടിലേക്കുള്ള പ്രകൃതി വാതക വിതരണം അവസാനിപ്പിച്ചത് യുക്രെയ്‍നിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നു.
യുക്രെയ്നിന് ആധുനിക ആയുധങ്ങൾ നൽകി യുഎസും സഖ്യരാജ്യങ്ങളും പരോക്ഷ യുദ്ധം നടത്തുകയാണെന്നും ഇതു മൂന്നാം ലോകയുദ്ധത്തിനു കാരണമാകുമെന്നും റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്ന് കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ പ്രഖ്യാപനവും റഷ്യയെ ചൊടിപ്പിച്ചിരുന്നു.