കീവ്: യുക്രെയ്ന് എത്രയും വേഗം നാറ്റോ അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്ന്റെ കിഴക്കൻ, തെക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യയിൽ കൂട്ടിച്ചേർത്തതിനു പിന്നാലെയാണ് സമൂഹമാധ്യമ വിഡിയോയിലൂടെ സെലെൻസ്കിയുടെ അഭ്യർഥന. “നാറ്റോ സഖ്യത്തിന്റെ മാനദണ്ഡങ്ങളുമായി ഞങ്ങൾ പൊരുത്തപ്പെടുന്നുവെന്ന് ഇതിനകം തെളിയിച്ചതാണ്. നാറ്റോയിൽ എത്രയും വേഗം അംഗത്വം നൽകുന്നതിനായി വീണ്ടും അപേക്ഷ സമർപ്പിക്കുകയാണ്.’’– സെലെൻസ്കി പറഞ്ഞു.
പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അധികാരത്തിലിരിക്കുന്നിടത്തോളം റഷ്യയുമായി യുക്രെയ്ൻ ചർച്ച നടത്തില്ലെന്നും പുതിയ പ്രസിഡന്റുമായിട്ടായിരിക്കും ഇനി ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകൾ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർത്തിരുന്നു. പുട്ടിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ 4 പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടിയിൽ ഒപ്പുവച്ചു.
റഷ്യൻ സേനയുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ചയാണു പൂർത്തിയായത്. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ ഭാഗമാകാൻ ഹിതപരിശോധനയിൽ സമ്മതമറിയിച്ചെന്നാണു റഷ്യയുടെ അവകാശവാദം. ഈ മേഖല യുക്രെയ്നിന്റെ 15 ശതമാനത്തോളം വരും. ഇതുമായി ബന്ധപ്പെട്ട കരടുനിയമം തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.
ഹിതപരിശോധന തട്ടിപ്പാണെന്നു യുക്രെയ്നു പുറമേ യുഎസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചിരുന്നു. കൂട്ടിച്ചേർക്കുന്ന പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നു ജി7 രാജ്യങ്ങളും പ്രഖ്യാപിച്ചു.
റഷ്യ കയ്യടക്കിയ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഓരോന്നായി യുക്രെയ്ൻ സേന തിരിച്ചുപിടിക്കുന്ന സാഹചര്യത്തിലാണു റഷ്യയുടെ കൂട്ടിച്ചേർക്കൽ നടപടി. 2014 ൽ ക്രൈമിയ കൂട്ടിച്ചേർക്കാനും റഷ്യ ഇതേ രീതിയാണു പിന്തുടർന്നത്.