മോസ്കോ: ഇന്ത്യയിൽ ചാവേറാക്രമണം ലക്ഷ്യമിട്ട ഐഎസ് ഭീകരനെ റഷ്യ പിടികൂടിയതായി റിപ്പോർട്ട്. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസാണ് തുർക്കിയിൽനിന്ന് ചാവേർ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തയാൾ പിടിയിലായതായി അറിയിച്ചത്. ഇന്ത്യൻ ഭരണനേതൃത്വത്തിലെ പ്രമുഖനായ നേതാവിനെ വകവരുത്താനാണ് ഭീകരൻ ലക്ഷ്യം വച്ചതെന്നും റഷ്യൻ വാർത്ത ഏജൻസി സ്പുട്നിക് റിപ്പോർട്ടു ചെയ്തു.
‘റഷ്യയിൽ നിരോധിച്ച സംഘടനയായ ഐഎസ്സിലെ ഒരു ഭീകരനെ റഷ്യൻ സുരക്ഷ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. മധ്യ ഏഷ്യൻ രാജ്യത്തുനിന്നുള്ള ഭീകരൻ ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ ഭരണനേതൃത്വത്തിലുള്ള ഒരാളെ വധിക്കാനാണ് പദ്ധതിയിട്ടത്’– റഷ്യൻ അധികൃതർ അറിയിച്ചു. പ്രവാചക നിന്ദയ്ക്കു തിരിച്ചടിയെന്നോണം ഇന്ത്യയിൽ ഭീകരാക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് ഭീകരൻ സമ്മതിച്ചതായി സ്പൂട്നിക് വാർത്താ ഏജൻസി അറിയിച്ചു.